ഓക് ലഹോമ: നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന വധശിക്ഷകള്‍ ആഗമനകാലത്ത് നടപ്പിലാക്കരുതെന്ന് ട്രംപ് ഭരണകൂടത്തോട് യുഎസിലെ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.
നമുക്ക് അര്‍ഹതയില്ലാത്ത സ്‌നേഹം നല്കാനായി ദൈവം നമ്മുക്കിടയിലേക്ക് വന്ന ദിവസങ്ങളാണ് ഇത്. പശ്ചാത്തപിക്കാനും ആ ദൈവികദാനത്തെ സ്വീകരിക്കാനുമുള്ള സമയം. ഓക് ലഹോമസിറ്റി ആര്‍ച്ച് ബിഷപ് പോള്‍ കോക്ലിയും കാന്‍സാസ് സിറ്റി ആര്‍ച്ച് ബിഷപ് ജോസഫും എഴുതിയ കത്തില്‍ പറയുന്നു. ബിഷപ്‌സ് പ്രോ ലൈഫ് കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്നവരാണ് ഇരുവരും.
രണ്ട് വധശിക്ഷകള്‍ ഡിസംബറിലും മൂന്നെണ്ണം ജനുവരിയിലും നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ഈ വര്‍ഷം പത്തു വധശിക്ഷകള്‍ നടപ്പിലാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ വച്ചുനോക്കുമ്പോള്‍ ഇത് വളരെ കൂടുതലാണ്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഇതിനകം പലവട്ടം തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും മെത്രാന്മാര്‍ വ്യക്തമാക്കി.
കര്‍ത്താവ് വന്നത് നശിപ്പിക്കാനല്ല രക്ഷിക്കാനാണ്. എങ്കില്‍ എന്തുകൊണ്ട് നമുക്ക് കര്‍ത്താവിന്റെ മാതൃക അനുകരിച്ചുകൂടാ? നാം എല്ലാവരും പാപികളാണ്. ചിലര്‍ ഭയാനകമായ കാര്യങ്ങള്‍ ചെയ്യുന്നു. ഇരകള്‍ക്ക് സഹായം ആവശ്യമാണ്. സമാധാനത്തിന് നീതി ആവശ്യമാണ്. എന്നാല്‍ വധശിക്ഷ ഒന്നും പരിഹരിക്കുന്നില്ല. മെത്രാന്മാര്‍ പറയുന്നു.