യോവാക്കിമിന്റെയും അന്നായുടെയും മകളായ മറിയം ജനിച്ചത് ജന്മപാപമില്ലാതെയാണ്. പക്ഷേ നാം ജനിച്ചത് ജന്മപാപത്തോടെയാണ്. എങ്കിലും പരിശുദ്ധ അമ്മയെ പോലെ കളങ്കരഹിതരായി ജീവിക്കാനുള്ള ഉത്തരവാദിത്തവും കടമയും നമുക്കുണ്ട്.
കാരണം നാം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ്. മാതാവിന്റെ അമലോത്ഭവത്വത്തിന് വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ അടിസ്ഥാനമുണ്ട്. അന്ന് മംഗളവാര്‍ത്ത അറിയിക്കാനായി മാലാഖ നസ്രത്തിലെ ആ പെണ്‍കുട്ടിയുടെ അടുക്കലെത്തിയപ്പോള്‍ സംബോധന ചെയ്തതു തന്നെ ഉദാഹരണം.
കൃപ നിറഞ്ഞവളേ നിനക്ക് സ്വസ്തി എന്നായിരുന്നു ആ സംബോധന. പരിശുദ്ധ അമ്മ ജീവിതത്തില്‍ ഉടനീളം കൃപ നിറഞ്ഞവളായിരുന്നു. ദൈവത്തില്‍ നിന്ന് കൃപ സ്വീകരിക്കാന്‍ മാത്രം മേരിയുടെ ജീവിതം വിശുദ്ധവുമായിരുന്നു. ദൈവത്തോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ മനസ്സുള്ളവളായിരുന്നു മറിയം. അവളുടെ ഹൃദയം വലുതായിരുന്നു.
പാപമാണ് രണ്ടുപേരെ തമ്മില്‍ അകറ്റുകയും വിഭജിക്കുകയും ചെയ്യുന്നത് എങ്കിലും മറിയത്തിന്റെ വിശുദ്ധി നമ്മെ അടുപ്പിക്കുന്നുണ്ട്. സത്യം അറിയാനും നന്മ അറിയാനും മറിയത്തിന്റെ വിശുദ്ധി കാരണമായിത്തീരുന്നു.
അമലോത്ഭവത്വം എന്ന കൃപ ദൈവം മറിയത്തിന് നല്കിയത് അവള്‍ക്ക് മാത്രമായിട്ടായിരുന്നില്ല. നാം എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. ലോകം മുഴുവനുമുള്ളജനതയ്ക്കുവേണ്ടിയായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിരീക്ഷിച്ച കാര്യമാണ് ഇത്. മറിയം നമ്മെ സ്‌നേഹിക്കുന്നത് സ്വന്തം കുഞ്ഞിനെയെന്നപോലെയാണ്. നാം അമ്മയുടെ മക്കളാണ്. അമലോത്ഭവ തിരുനാള്‍ ആചരിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഈ ചിന്തകളെല്ലാം കടന്നുവരട്ടെ.
പരിശുദ്ധ അമ്മയെ പോലെ കളങ്കരഹിതരായി ജീവിക്കാനുളള ആഗ്രഹം നമ്മുടെ ഉള്ളില്‍ നിറയട്ടെ.
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും അമലോത്ഭവതിരുനാള്‍ മംഗളങ്ങള്‍.