പാലക്കാട്: ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെ അട്ടപ്പാടിയില്‍ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലലും പങ്കെടുത്ത മനുഷ്യമതില്‍ ശ്രദ്ധേയമായി. മുക്കാലി മുതല്‍ 37 കിലോമീറ്റര്‍ ദൂരം ആനക്കട്ടിവരെ നീണ്ട മനുഷ്യമതിലില്‍ കര്‍ഷകാവകാശ പ്രതിജ്ഞ ഏറ്റുചൊല്ലി പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജനം പങ്കെടുത്തത്.
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കസ്തൂരി രംഗന്‍ കമ്മീഷന്റെ അന്തിമവിജ്ഞാപനവും വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും പ്രഖ്യാപിക്കുന്ന എക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനവും വഴി അട്ടപ്പാടിയിലെ മുഴുവന്‍ പ്രദേശങ്ങളും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെയാണ് അട്ടപ്പാടിയില്‍ പ്രതിഷേധിച്ചത്.