Friday, December 6, 2024
spot_img
More

    കുടുംബജീവിതം പ്രശ്‌നത്തിലോ? യൗസേപ്പിതാവിന്റെ സഹായം തേടി പ്രാര്‍ത്ഥിക്കൂ

    ഓരോ കുടുംബവും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളാണ്. സന്തുഷ്ടകരമെന്നും മാതൃകാപരമെന്നും ഒക്കെ നാം കരുതപ്പെടുന്ന ദാമ്പത്യജീവിതങ്ങളില്‍ പോലും പുറമേയ്ക്ക് പ്രകടമാകാത്തതോ തീരെ നിസ്സാരമല്ലാത്തതോ ആ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങളുമായിട്ടാണ് സന്തോഷരൂപേണ നാം പൊതുസമൂഹത്തില്‍ ഇടപെടുകയും ജീവിക്കുകയും ചെയ്യുന്നത്.

    എങ്കിലും പ്രശ്‌നം അവിടെത്തന്നെയുണ്ട് എന്നതാണ് സത്യം. ഇത്തരം സാഹചര്യങ്ങളിലേക്കാണ് വിശുദ്ധ യൗസേപ്പിതാവിനെ നാം ക്ഷണിക്കേണ്ടത്. ഈ ലോകത്തിലെ ഏറ്റവും നല്ല കുടുംബനാഥനാണ് യൗസേപ്പിതാവ്.

    ഈ ലോകത്തിലെ ഏറ്റവും നല്ല ഭാര്യയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ ഏറ്റവും നല്ല മകന്റെ പിതാവ്. സന്തോഷകരമായ ദാമ്പത്യജീവിതങ്ങളുടെ മധ്യസ്ഥനായിട്ടാണ് യൗസേപ്പിതാവിനെ വണങ്ങുന്നത്. നസ്രത്തിലെ തിരുക്കുടുംബം സാമൂഹികവും ഭൗതികവുമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ അവയൊന്നും അവരെ നിരാശരാക്കിയില്ല.

    അതിന് കാരണം വിശുദ്ധ യൗസേപ്പിന്റെ കുടുംബകര്‍ത്തൃത്വം മാതാവും ഉണ്ണീശോയും അംഗീകരിച്ചിരുന്നു എന്നുതന്നെയാണ്. ഭര്‍ത്താവിനെ അംഗീകരിക്കാത്ത, സ്‌നേഹിക്കാത്ത, ബഹൂമാനിക്കാത്ത കുടുംബജീവിതം ആത്യന്തികമായി ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നില്ല.

    കുടുംബജീവിതത്തിന്റേ കേന്ദ്രസ്ഥാനത്തേയ്ക്കാണ് ദൈവം പുരുഷനെ നിയമിച്ചിരിക്കുന്നത്. പുരുഷന്റെ നേതൃത്വം അംഗീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് മറിയത്തിന്റെ ഭര്‍ത്താവായി ദൈവം ഒരുപുരുഷനെ, യൗസേപ്പിനെ ഏല്പിച്ചുകൊടുത്തത്.

    ദൈവത്തിന്റെ പുത്രന്‍ ജനിക്കാന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുക്കുകയും ദൈവനിവേശിതമായി അവള്‍ഗര്‍ഭം ധരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തിട്ടും പുരുഷനെ ദൈവം ഒഴിവാക്കിയില്ല എന്ന് ശ്രദ്ധിക്കണം. പുരുഷനെ കേന്ദ്രീകരിച്ചും അംഗീകരിച്ചുമായിരിക്കും കുടുംബം മുന്നോട്ടുപോകേണ്ടത് എന്ന് ദൈവത്തിന് ഉറപ്പുണ്ടായിരുന്നു. മറിയം ദൈവഹിതത്തോട് പൂര്‍ണ്ണമായും കീഴടങ്ങിയവളായിരുന്നു.

    അതുകൊണ്ടാണ് യൗസേപ്പിതാവിനെ അവളൊരിക്കലും എതിര്‍ക്കാതിരുന്നത്. പരിപൂര്‍ണ്ണവിധേയത്വത്തിന്റെ തികവുളള ഭാര്യയായിരുന്നു മറിയം. പ്രസവിക്കാന്‍ ഇടം കിട്ടാതെ പോയതിനെ പ്രതിയോ ഗര്‍ഭിണിയായ തന്നെക്കൂട്ടി പേരെഴുതിക്കാന്‍ പുറപ്പെട്ടതിനെ പ്രതിയോ മറിയം യൗസേപ്പിനെ ചോദ്യം ചെയ്യുന്നില്ല, ഒരുമിച്ചൊരു യാത്രയില്‍ അവിചാരിതമായി എന്തെങ്കിലും നിഷേധാത്മകമായ ഒരു അനുഭവം നേരിട്ടാലുടനെ ഭര്‍ത്താവിനെ പഴിചാരുന്ന ഭാര്യമാരാണ് ഏറെയും.

    അപ്പോഴാണ് മറിയം അവിടെ വ്യത്യസ്തയാകുന്നത്.ഇങ്ങനെ വിവിധകാരണങ്ങളാലാണ് യൗസേപ്പിതാവിനെ തിരുക്കുടുംബത്തിന്റെ പാലകനായി വണങ്ങുന്നത്. കുടുംബനാഥനെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും ജീവിതപങ്കാളിയില്‍ നിന്നും മക്കളില്‍ നിന്നും കൈക്കൊള്ളുന്ന തിക്താനുഭവങ്ങളെയും എല്ലാം നേരിടാനുള്ള ശക്തി നമുക്ക് യൗസേപ്പിതാവിനോട് ചോദിച്ചുവാങ്ങാം.

    ഒരു പുരുഷന്‍, കുടുംബനാഥന്‍ കടന്നുപോകുന്ന എല്ലാവിധ പ്രാതികൂല്യങ്ങളുടെയും അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വ്യക്തികൂടിയാണ് യൗസേപ്പിതാവ്. അതുകൊണ്ട് നാം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തുമാവട്ടെ അവ പരിഹരിക്കാനുള്ള ദൈവികഇടപെടലിനായി യൗസേപ്പിതാവിലേക്ക് തിരിയാന്‍ നാം ഇനിയും മടിക്കരുത്.

    യൗസേപ്പിതാവ് നമുക്കുവേണ്ടി , നമ്മുടെ കുടുംബങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!