വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്‌സിന്‍ ലോകത്തിലെ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസ്ദിനത്തില്‍ നല്കിവരുന്ന പരമ്പരാഗതമായ ഊര്‍ബി ഏത്ത് ഓര്‍ബി ആശീര്‍വാദം നല്കുമ്പോഴായിരുന്നു പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകത്തിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്കുന്നതിനെക്കുറിച്ച് പാപ്പ പ്രത്യേക അഭ്യര്‍ത്ഥന നേതാക്കന്മാരോട് നടത്തുകയും ചെയ്തു. ലോകമെങ്ങും ഇതുവരെ 1.7 മില്യന്‍ ആളുകള്‍ വൈറസ് ബാധിതരായിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു.
ഇന്നത്തെ അന്ധകാരാവൃതവും അനിശ്ചിതത്വവും നിറഞ്ഞ പകര്‍ച്ചവ്യാധിയുടെ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ നിരവധിയായ വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വാക്‌സിന്‍ കണ്ടുപിടിത്തം പോലെയുളളവ. ഈ പ്രകാശം എല്ലാവരെയും പ്രകാശിപ്പിക്കേണ്ടതുണ്ട്. അത് എല്ലാവര്‍ക്കും ആവശ്യവുമാണ്. അതുകൊണ്ട് ഞാന്‍ എല്ലാവരോടും- ഗവണ്‍മെന്റ് നേതാക്കന്മാര്‍,ബിസിനസുകാര്‍, ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ -അഭ്യര്‍ത്ഥിക്കുന്നു. മാത്സര്യം കൂടാതെ സഹകരണം പ്രോത്സാഹിപ്പിക്കുക. എല്ലാവര്‍ക്കും വേണ്ടി പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക. വാക്‌സിന്‍ എല്ലാവര്‍ക്കും നല്കുക. പ്രത്യേകിച്ച് ഏറ്റവും ദരിദ്രരായവര്‍ക്ക്.. പാപ്പ പറഞ്ഞു.