പോളണ്ടിലെ സെന്റ് ഹൈയാസിന്ത് ദേവാലയത്തില്‍ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ദിവ്യബലി നടക്കുകയാണ്. അതിനിടയില്‍ വൈദികന്റെ കൈയില്‍ നിന്ന് ദിവ്യകാരുണ്യം അബദ്ധത്തില്‍ താഴേയ്ക്ക് വീണുപോയി.
പൂജ്യവസ്തുക്കളോടുള്ള ആദരസൂചകമായി വൈദികന്‍ ഉടന്‍ തന്നെ വിശുദ്ധ ജലത്തില്‍ തിരുവോസ്തി കഴുകി സക്രാരിയിലേക്ക് തന്നെ പ്രതിഷ്ഠിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വൈദികന്‍ അതിശയകരമായ ഒരു കാഴ്ചകണ്ടു. അന്ന് നിലത്തുവീണു പോയ തിരുവോസ്തി ചുവപ്പുനിറമായി മാറിയിരിക്കുന്നു. വൈദികന്‍ ഉടന്‍ തന്നെ രൂപതാധ്യക്ഷനെ വിവരം അറിയിക്കുകയും ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഗവേഷണ ഫലം പിന്നീട് മെത്രാന്‍ പ്രസിദ്ധീകരിച്ചതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.
മനുഷ്യശരീരത്തിലെ ഹൃദയഭാഗത്തുനിന്നുള്ള ടിഷ്യുവാണ് ഇത്. കഠിനമായ വേദന അനുഭവിച്ചപ്പോള്‍ ഉണ്ടായതുപോലെയുള്ള മാറ്റം ഈ ശരീരകോശത്തിനും സംഭവിച്ചിട്ടുണ്ട്.
അത്ഭുതകരമായ ഈ തിരുവോസ്തി പിന്നീട് മെത്രാന്റെ നിര്‍ദ്ദേശപ്രകാരം വിശ്വാസികളുടെ വണക്കത്തിനായി ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. 2013ലെ ക്രിസ്തുമസ് ദിനത്തിലാണ് ഈ അത്ഭുതം നടന്നത്.
അന്നുമുതല്‍ ഇന്നുവരെ ആ ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തില്‍ നിരവധിയായ അത്ഭുതങ്ങളും മാനസാന്തരങ്ങളുമാണ് സംഭവിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഇടവക വികാരി ഫാ. ആന്‍ഡ്രെജ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അമ്പതുവര്‍ഷമായി കൗദാശിക ജീവിതത്തില്‍ നിന്ന് അകന്നുജീവിക്കുകയും നിരവധിയായ തെറ്റുകുറ്റങ്ങള്‍ ചെയ്തു ജീവിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ മാനസാന്തരമാണ്. ഈ ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ വച്ച് ദൈവം അയാളെ പ്രത്യേകമായി സ്പര്‍ശിച്ചു.
പിന്നീട് അയാള്‍ ആദ്യമായി കുമ്പസാരിക്കുകയും ജീവിതത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.