Sunday, October 6, 2024
spot_img
More

    വിശുദ്ധ കുർബാനയിലും സാത്താൻ സേവയോ….?



     വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് മലയാറ്റൂർ കുരിശുമല കയറിയപ്പോഴും കേരളത്തിലെ പ്രസിദ്ധമായ രണ്ടുമൂന്നു തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചപ്പോഴും അനുഭവപ്പെട്ട കാര്യങ്ങളാണ് ഇപ്രകാരമൊരു ചിന്തയ്ക്ക് കാരണം.
    തന്റെ ഏകജാതനായ  യേശുവിനെ കാൽവരിയിൽ ബലിയായി നൽകാൻ തക്കവിധം ലോകത്തെ അത്രയേറെ സ്നേഹിച്ച ദൈവം മനുഷ്യരുടെ വേദനകളും പ്രയാസങ്ങളും സ്വയം ഏറ്റെടുത്ത് സ്നേഹത്തിന്റെ മൂർത്തരൂപമാകുന്നു. ഈ അനന്ത സ്നേഹത്തിന്റെ പ്രതീകമാണ് പെസഹാ തിരുനാള്‍.

    എന്നും നമ്മോടൊപ്പം ആയിരിക്കുന്നതിനു വേണ്ടി യേശു തന്റെ ശരീരം അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ  നമുക്ക് പങ്കുവെച്ച് നൽകുന്നു.
     പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിൽ യോഗ്യതയോടെ വേണം യേശുവിന്റെ ശരീരവും  രക്തവും നാം സ്വീകരിക്കേണ്ടത് എന്ന് വളരെ വ്യക്തമായി അടിവരയിട്ടു പറയുകയും ചെയ്യുന്നു.
     മാത്രമല്ല തിരുവചനത്തിൽ നാം കാണുന്നത്  നിങ്ങളുടെ ശരീരത്തെ ദൈവത്തിന്  സജീവ ബലിയായി സമർപ്പിക്കണമെന്ന ആഹ്വാനമാണ്.

    കാരണം നമ്മുടെ ശരീരം എന്നു പറയുന്നത്  പരിശുദ്ധാത്മാവിനെ ആലയമാണ്. നമ്മുടെ ശരീരമാകുന്ന ആലയത്തെ മലിനമാക്കി ദേവാലയത്തിൽ ദിവ്യബലിക്കായി അണയുമ്പോൾ ശരീരം കൊണ്ട് നാം ആരാധിക്കുന്നത് ദൈവത്തെയോ അതോ പിശാചിനെയോ..?
    “നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.”(1 കോറി. 3 : 16-17)

    കുരിശുമല കയറുന്ന അവസരത്തിൽ മദ്യപിച്ച് ലക്കുകെട്ട് മലകയറുന്നവരെ കാണാനിടയായി. അതോടൊപ്പം തന്നെ ലഹരി വസ്തുക്കൾ ഉപയോഗിച്ചവരെയും പുകവലിക്കുന്നവരെയും വെറ്റില മുറുക്കുന്ന വരെയും കാണാനിടയായി. ഇവയെല്ലാംതന്നെ ശരീരത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നൽകപ്പെടുന്ന വസ്തുക്കളാണ്. പതിവായി ഉപയോഗിച്ചാൽ ശരീരവും ആരോഗ്യവും നശിക്കുകയും ചെയ്യും..
     

    അറിഞ്ഞുകൊണ്ട് കൊണ്ട് ശരീരത്തിനും ആരോഗ്യത്തിനും നാശം വിതക്കുന്ന വസ്തുക്കൾ പതിവായി ഉപയോഗിച്ച് വായയിലും തൊണ്ടയിലും ശ്വാസ കോശത്തിലും  ഉദരത്തിലും കാൻസർ ബാധയും വൃക്കകൾ തകരാറിലായും ദൈവത്തിന്റെ ആലയത്തിൽ കരുണ തേടി നടക്കുന്നു.. ഇങ്ങനെ വരുമ്പോഴും തഴക്ക ശീലങ്ങൾ ഒഴിവാക്കാൻ താത്പര്യവുമില്ല.

    ഇവ ഉപയോഗിക്കുമ്പോൾ സേവിച്ച സാത്താനെ കൂടെ കൊണ്ടു പോവുകയാണ് തീർത്ഥാടന കേന്ദ്രത്തിൽ പോകുമ്പോഴും. ദിവ്യബലിയിൽ പങ്കെടുക്കുന്ന സമയത്തും ഇതേ അനുഭവം തന്നെ ഉണ്ടായി .മദ്യത്തിന്റെയും  പുകയിലയുടെയും  അസഹനീയമായ രൂക്ഷഗന്ധം ബലി കഴിയുന്നതുവരെ അനുഭവിക്കേണ്ടതായി വന്നു .
    ദിവ്യബലിയിൽ പങ്കെടുക്കാൻ ദേവാലയത്തിൽ വരുമ്പോൾ വലിച്ചു കയറ്റിയ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന്റേയും കെട്ടുപോലും വിടാതെ കയറിവരുമ്പോൾ ആരെയാണ് ആരാധിക്കുന്നത്..? ആരിൽ നിന്നാണ് അനുഗ്രഹം ലഭിക്കുക…?
     

    ഒരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. വളരെയധികം യുവതി യുവാക്കളും കൗമാരക്കാരും വിവിധതരത്തിൽ ലൈംഗിക പാപങ്ങൾക്ക്  അടിമകളായി തീർന്നിട്ടുണ്ട്.
    “വ്യഭിചാരത്തില്‍നിന്ന്‌ ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്‌. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.”(1 കോറി.6 : 18-19).
    പാപബോധം ഇല്ലാതെ, പശ്ചാത്താപം ഇല്ലാതെ തിന്മയുടെ ബന്ധനത്തിൽ നിലനിന്നു കൊണ്ട് ദിവ്യബലിയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്പോള്‍ സാത്താനെ സേവിക്കുകയാണ് ചെയ്യുന്നത്..ഇത് ഭയാനകമായ ഒരവസ്ഥയാണ്.
    യുവതലമുറയുടെ തിന്മ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള സിനിമകളും സീരിയലുകളും സമൂഹത്തിൽ പെരുകുമ്പോൾ  തെറ്റായ സന്ദേശമാണ് കൗമാരക്കാരിലും യുവജനങ്ങളിലും വേരുറപ്പിക്കപ്പെടുന്നത്.
     


     


     കുഞ്ഞുങ്ങളെ ആത്മീയതലത്തിൽ ഉണർവോടെ വളർത്താൻ മാതാപിതാക്കളും ബന്ധപ്പെട്ടവരും അതീവ താല്പര്യം കാണിച്ചില്ലെങ്കിൽ ദിവ്യബലിയിൽ  പങ്കെടുത്തുകൊണ്ട് സാത്താനെ പൂജിക്കുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും.

    ദൈവത്തെ അറിയുന്ന അവസ്ഥയിൽ, ദൈവത്തെ അനുഭവിക്കുന്ന അവസ്ഥയിൽ കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണം. തീർത്ഥാടന കേന്ദ്രങ്ങളും തീർത്ഥയാത്രകളും ദൈവത്തെ കണ്ടെത്തുന്നതിനുള്ള വേദികളായി മാറണം. തെറ്റുകുറ്റങ്ങൾ ഇല്ലാതെ കുമ്പസാരം എന്ന കൂദാശയിലൂടെ പാപത്തിനെ ബന്ധനങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞു വിശുദ്ധ കുർബാനയാൽ  പരിപോഷിപ്പിക്കപ്പെട്ട ഒരാത്മീയ തലവുമായി ജീവിക്കുന്ന അവസ്ഥയുണ്ടാവണം.

    ഇപ്രകാരമൊരു വളർച്ച ഉണ്ടാകുമ്പോൾ നമ്മുടെ നാടും നമ്മുടെ വീടും അനുഗ്രഹിക്കപ്പെടും. അതിനുള്ള കൃപ ദൈവം നമ്മിൽ ചൊരിയട്ടെ.

    പ്രേംജി മുണ്ടിയാങ്കൽ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!