അഭയകേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഒന്നും രണ്ടുദിവസത്തെയോ വര്‍ഷത്തെയോ പഴക്കമല്ല ഉള്ളത്. 28 വര്‍ഷത്തെ നീണ്ട പഴക്കമുണ്ട് അതിന്. അതുകൊണ്ട്തന്നെ മലയാളക്കര ആകാംക്ഷയോടെയാണ് അഭയകേസിന്റെ വിധിയെ നോക്കിക്കണ്ടതും.
സിസ്റ്റര്‍ സ്‌റ്റെഫിയെയും ഫാ. തോമസ് കോട്ടൂരിനെയും പ്രതികളാക്കി സിബിഐ കോടതി കുറ്റം വിധിച്ചതോടെ പ്രസ്തുത വിഷയം ആളിക്കത്തി തുടങ്ങി. ഈ സാഹചര്യത്തില്‍ അഭയകേസിലെ നാര്‍ക്കോ അനാലിസിസ് വീഡിയോയുടെ രഹസ്യങ്ങള്‍ വെളിവാക്കുകയാണ് ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍.
വീഡിയോയിലെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്രവിവരണം ചുവടെ:
നാര്‍ക്കോ അനാലിസിസിലെ കുറ്റാരോപിതരുടെ വീഡിയോ കുമ്പസാരരഹസ്യമെന്ന വിധത്തിലാണ് കൂടുതല്‍ ആളുകളും വിലയിരുത്തുന്നത്. എന്നാല്‍ അതൊരിക്കലും അത്തരത്തിലുള്ള ഒന്നല്ല. യഥാര്‍ത്ഥ വീഡിയോയില്‍ നിന്നും തല്പരകക്ഷികള്‍ക്ക് തങ്ങളുടെവാദം ജയിക്കാന്‍ കഴിയത്തക്കവിധത്തില്‍ എഡിറ്റ് ചെയ്താണ് അത് പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ വിശ്വാസ്യതയില്‍ സംശയമുള്ളതുകൊണ്ടുതന്നെയാണ് വിചാരണകോടതി അതിനെ മുഖവിലയ്ക്ക് എടുക്കാതിരുന്നത്. മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കി തങ്ങള്‍ക്ക് വേണ്ടുന്നതെല്ലാം ഊറ്റിയെടുത്ത് അത് ഫ്രുട്ട്‌സലാഡ് പോലെ തയ്യാറാക്കി പൊതുസമൂഹത്തിന് വിളമ്പിക്കൊടുക്കുകയാണ് സിബിഐ ഈ വീഡിയോയിലൂടെ ചെയ്തത്.
സിബിഐയുടെ മൂന്ന് അന്തിമ റിപ്പോര്‍ട്ടുകളും കോടതി തള്ളിയതാണ്. നാര്‍ക്കോ അനാലിസിസ് നടന്ന 2007 കാലഘട്ടത്തില്‍ മൂന്നുപേരും കുറ്റാരോപിതരല്ല .സിബിഐ അവര്‍ കുറ്റാരോപിതരല്ല എന്ന് പറഞ്ഞ സാഹചര്യത്തിലാണ് കോടതി നാര്‍ക്കോ അനാലിസിസിന് ഓര്‍ഡറിടുന്നത്.
ബാംഗ്ലൂരില്‍ വച്ച് നടത്തിയ നാര്‍ക്കോ അനാലിസിന്റെ നാലു വീഡിയോയും കണ്ട ജസ്റ്റീസ് ഹേമ തുടര്‍ന്ന നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. വീഡിയോകള്‍ എഡിറ്റ് ചെയ്തവയും മാനിപ്പുലേറ്റ് ചെയ്തവയുമാണ് എന്നായിരുന്നു ജസ്റ്റീസ് ഹേമയുടെ നിരീക്ഷണം. എഡിറ്റിംങ് മാത്രമല്ല മാനിപ്പുലേഷനും നടന്നിട്ടുണ്ടെന്നാണ് ഹേമ പറഞ്ഞത്. എഡിറ്റിംങും മാനിപ്പുലേഷനും കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
അവിടെയാണ് കാര്യങ്ങളുടെ ഗതിമാറിയത്. ഓരോ വാചകത്തിലെയും ഗതിമാറ്റിവച്ചും ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റ് വീഡിയോയില്‍ നിന്ന് വെട്ടിമാറ്റിയും സിബിഐ ആഗ്രഹിക്കുന്ന വിധത്തില്‍ ഈ വീഡിയോ എഡിറ്റ് ചെയ്തുകൊടുത്ത് സഹായിച്ചത് ഡോ. എസ് മാലിനിയായിരുന്നു. ആ മാലിനിയെ പിന്നീട് സ്വന്തം സര്‍ട്ടിഫിക്കറ്റ് തിരുത്തിയതിന്റെ പേരിലും മാനിപ്പുലേറ്റ് ചെയ്തതിന്‌റെപേരിലും കര്‍ണ്ണാടക സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്നുകൂടി അറിയുമ്പോഴേ ഈ വീഡിയോയ്ക്ക് പിന്നിലെ കള്ളക്കളികള്‍ മനസ്സിലാവുകയുള്ളൂ.
എഡിറ്റ് ചെയ്യാത്ത വീഡിയോ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ജസ്റ്റീസ് ഹേമ സിബിഐ ക്ക് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ യഥാര്‍ത്ഥ സിഡി കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ ഡിവൈഎസ്പിയായിരുന്ന നന്ദകുമാരന്‍ തയ്യാറായില്ല.പിന്നീട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം അതിന് തയ്യാറായത്. അങ്ങനെ തയ്യാറാക്കിയ വീഡിയോ സെഡാക്കില്‍ പഠനത്തിന് അയ്ക്കുകയാണ് കോടതി ആദ്യം ചെയ്തത്. പിന്നീടി സിഡിറ്റിലേക്കും അതേ വീഡിയോ അയ്ക്കുകയുണ്ടായി.
അവിടെ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇത് ഒറിജിനല്‍ സിഡി അല്ലെന്നും വ്യാപകമായ രീതിയില്‍ എഡിറ്റിംങ് ഇതില്‍ നടന്നിട്ടുണ്ടെന്നുമായിരുന്നു. ഒരു മിനിറ്റില്‍ മുപ്പത് തവണയെങ്കിലും എഡിറ്റിംങ് നടന്നിട്ടുണ്ടെന്നായിരുന്നു സിഡിറ്റിന്റെ കണ്ടെത്തല്‍. കുറ്റാരോപിതരെ കുറ്റവാളികളാക്കാനുള്ള നിഗൂഢതന്ത്രത്തിന്‌റ ഭാഗമായിരുന്നു ഇത്. നിരപരാധികളും നിഷ്‌ക്കളങ്കരുമായ മനുഷ്യരെ മയക്കുമരുന്ന് നല്കി ബോധം കെടുത്തി അവരോട് ഇംഗ്ലീഷിലും തമിഴിലും ചോദ്യം ചോദിച്ച് അവര്‍ക്ക് വേണ്ടുന്ന വാചകങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കൃത്രിമമായി വീഡിയോ സൃഷ്ടിക്കുക മാത്രമല്ല അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുക കൂടിയാണ് സിബിഐ ചെയ്തത്. ഇതില്‍ നിന്ന് തന്നെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ക്രൂരത നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
മേല്‍ക്കോടതികള്‍ ഈ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.