ഓ വിശുദ്ധ യൗസേപ്പേ, ഉണ്ണീശോയുടെ പരിപാലകാ, മേരിയുടെ വിരക്തഭര്‍ത്താവേ, ജോലിയുടെ പൂര്‍ണ്ണതയ്ക്കും സന്തോഷത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നുവല്ലോ അങ്ങയുടേത്. അവിടുത്തെ കൈകളാല്‍ ചെയ്ത ജോലി വഴി നസ്രത്തിലെ തിരുക്കുടുംബം സംരക്ഷിക്കപ്പെട്ടുപോന്നുവല്ലോ. അവിടുത്തെ സംരക്ഷണം ആ കുടുംബത്തിനുണ്ടായിരുന്നു.
പൂര്‍ണ്ണമായും അവര്‍ അങ്ങില്‍ ശരണപ്പെട്ടു. അങ്ങേയ്ക്കറിയാമായിരുന്നു അവരുടെ ആഗ്രഹങ്ങള്‍, ബുദ്ധിമുട്ടുകള്‍, പ്രതീക്ഷകള്‍..തങ്ങളെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന അങ്ങയോടായിരുന്നു അവരുടെ പ്രാര്‍ത്ഥനകള്‍. അതോടൊപ്പം പരീക്ഷണങ്ങളും അങ്ങേയ്ക്കുണ്ടായിട്ടുണ്ട്. പ്രയാസങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്.
എന്നിട്ടും ജീവിതത്തിലെ ഭൗതികമായ എല്ലാവിധ പ്രതികൂലങ്ങളുടെയു മുമ്പിലും അങ്ങയുടെ ആത്മാവ് പൂര്‍ണ്ണമായ സമാധാനം അനുഭവിച്ചിരുന്നു. ദൈവപുത്രനും അവിടുത്തെ അമ്മയുമായും അടുത്ത ബന്ധം പുലര്‍ത്തുകയും അതിന്റെ സന്തോഷങ്ങള്‍ അനുഭവിച്ചറിയുകയും ചെയ്തിരുന്നുവല്ലോ. അങ്ങ് അവരെ സംരക്ഷിച്ചു. പ്രയാസങ്ങളില്‍ അവര്‍ തനിച്ചായില്ല.
അങ്ങ് ക്രിസ്തുവിനെ കൃപയോടെ സ്വീകരിച്ചതുപോലെയും വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ചതുപോലെയും ഞങ്ങളും ക്രിസ്തുവിനെ സ്വീകരിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥന ഓരോ കുടുംബത്തിലും ഫാക്ടറിക്കും തൊഴിലിടത്തിനും എവിടെയെല്ലാം ഒരു ക്രിസ്ത്യാനി ജോലി ചെയ്യുന്നുവോ അവിടെയെല്ലാം ഉണ്ടാവട്ടെ. ആമ്മേന്‍.