കാക്കനാട്: സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയൊന്‍പതാമത് സിനഡിന്റെ ഒന്നാം സെഷന്‍ ഇന്ന് ആരംഭിക്കും. 16 ന് സമാപിക്കും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വന്നു സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില് ഓണ്‍ലൈനായിട്ടാണ് സിനഡ് നടത്തുന്നത്.
തിങ്കളാഴ്ച മുതല്‍ 16 ശനിയാഴ്ച വരെയുള്ള ഒരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം.വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം. 63 മെത്രാന്മാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്.
കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്നത് 2020 ആഗസ്റ്റ് മാസത്തില്‍ ആയിരുന്നു.