ലോകസമാധാനത്തിന് വേണ്ടി ആഗോളവ്യാപകമായി നാം ഒരു ദിനം ആചരിക്കുന്ന പതിവുണ്ടല്ലോ. അതുപോലെ വിശുദ്ധ കുര്‍ബാനയിലും മറ്റ് പ്രാര്‍ത്ഥനകളിലും നാം സമാധാനത്തിന് വേണ്ടി യാചിക്കാറുമുണ്ട്. സമാധാനമാണ് നമുക്കുണ്ടാവേണ്ടത്.
എന്നാല്‍ ലോകത്തില്‍ സമാധാനം നഷ്ടപ്പെടുന്നു, സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുന്നു, ലോകത്തിന്റെയും സമൂഹത്തിന്റെയും ചെറുപതിപ്പായ കുടുംബത്തിലും സമാധാനം നഷ്ടപ്പെടുന്നു.ഈ സാഹചര്യത്തില്‍ നമുക്ക് നമ്മുടെ പ്രശ്‌നങ്ങളെയും പ്രശ്‌നക്കാരെയും എല്ലാം സമാധാനരാജ്ഞിയായ മറിയത്തിന് മുമ്പില്‍ സമര്‍പ്പിക്കാം. സമാധാനത്തിന്റെ രാജ്ഞിയെന്നാണല്ലോ മറിയത്തെ വിശേഷിപ്പിക്കുന്നത്.
2007 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ സമാധാനത്തിന് വേണ്ടി ലോകത്തെ മറിയത്തിന് സമര്‍പ്പിച്ചപ്പോള്‍ മനോഹരമായ ഒരു പ്രാര്‍ത്ഥന രചിക്കുകയുണ്ടായി. തിന്മയുടെ ആധിക്യമാണ് സമാധാനം കെടുത്തുന്നത്.
വിഭജനത്തിന്റെയും വിഭാഗീയതയുടെയും അരൂപികളാണ് നമ്മെ അസമാധാനത്തിലേക്ക് തള്ളിവിടുന്നത്. കുടുംബത്തില്‍ ഒരാളെ തിന്മയുടെ അരൂപി പിടികൂടിയിട്ടുണ്ടെങ്കില്‍ അയാള്‍ വഴി കുടുംബത്തില്‍, വ്യക്തിബന്ധങ്ങളില്‍ അസമാധാനം നിറയും. കുടുംബകലഹങ്ങള്‍ ഇളക്കിവിടുന്നത് തിന്മയുടെ അരൂപികളാണ്. അവയെ നിര്‍വീര്യമാക്കാന്‍ സാത്താന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മയ്ക്ക് നിഷ്പ്രയാസം കഴിയും.
അതുകൊണ്ട് സമാധാനരാജ്ഞിയായ മറിയത്തെ വിളിച്ച് നമുക്ക് അപേക്ഷിക്കാം. കുടുംബത്തിലെ സമാധാനക്കേടുകളെയും അസമാധാനം വിതയ്ക്കുന്നവരെയും മാതാവിന് സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം:
ഈശോയുടെ അമ്മേ, സമാധാനത്തിന്റെ രാജ്ഞീ എന്റെ സമാധാനമായിരിക്കണമേ. എന്റെ സമാധാനം കെടുത്തുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും ഞാന്‍ അമ്മയുടെ കാല്‍ച്ചുവട്ടിലേക്ക് സമര്‍പ്പിക്കുന്നു.നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത അമ്മ അവയെ നിര്‍വീര്യമാക്കണമേ.
സമാധാനപ്രഭുവായ ഈശോയുടെ അമ്മേ എന്റെ കുടുംബത്തില്‍ സമാധാനം നിറയ്ക്കണമേ. മറ്റുള്ളവരുടെ വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ എന്റെ സമാധാനം ഭഞ്ജിക്കാന്‍ ഇടയാക്കരുതേ. മറ്റുള്ളവരുടെ സമാധാനം നശിപ്പിക്കാന്‍ എന്നെ ഉപകരണമാക്കരുതേ. ആമ്മേന്‍