വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിന്റെയും ഭ്ക്തിയുടെയും ഏറ്റവും പ്രചാരം സിദ്ധിച്ച പ്രാര്‍ത്ഥനകളിലൊന്നാണ് വിശുദ്ധ മേലങ്കി നൊവേന. 30 ദിവസങ്ങള്‍ നീളുന്ന പ്രാര്‍ത്ഥനയാണ് ഇത്. വിശുദ്ധ ജോസഫ് ഈശോയോടൊത്ത് 30 ദിവസം ജീവിച്ചു എന്നതിന്റെ വിശ്വാസത്തിലാണ് മുപ്പതുദിവസത്തെ ഈ നൊവേന രൂപപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ റോമിലെ ദേവാലയത്തില്‍ ജോസഫിന്റെ പരിപാവനമായ മേലങ്കിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നുവെന്ന വിശ്വാസം കൂടിയുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ജോസഫിന്റെ ഭക്തിയും മഹത്വവും വിവരിക്കുന്ന പുസ്തകത്തില്‍ ഈ മേലങ്കിയെക്കുറിച്ചും പരാമര്‍ശമുണ്ട്. എഡി 300 ല്‍ അപ്പോലോനിയ നിര്‍മ്മിച്ച വിലുദ്ധ അനസ്ത്യാസിയായുടെ ദേവാലയത്തിലാണ് മേലങ്കിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്.
എങ്കിലും ഈതിരുശേഷിപ്പിന്റെ മേലങ്കിയുടെ ആധികാരികതയെക്കുറിച്ചു ചില സംശയങ്ങളും ഇല്ലാതില്ല. പക്ഷേ ആ സംശയങ്ങളെ അതിന്റേതായ വഴിക്കുവിട്ടിട്ടാണ് പരിപാവനമായ മേലങ്കിയോടുള്ള വണക്കം നമ്മള്‍ പുലര്‍ത്തിപ്പോരുന്നത്.
ഉണ്ണീശോയെ പ്രതികൂലമായ കാലാവസ്ഥയില്‍ ഈ മേലങ്കിയാല്‍ യൗസേപ്പിതാവ് സംരക്ഷിച്ചിരുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. അതുകൊണ്ടുതന്നെ യൗസേപ്പിതാവിന്റെ ഈ മേലങ്കിയുടെ സംരക്ഷണം നമുക്കും തേടാം.
വിശുദ്ധ യൗസേപ്പിതാവേ ഉണ്ണീശോയെ പൊതിഞ്ഞുസംരക്ഷിച്ചതുപോലെ അങ്ങയുടെ വിശുദ്ധമായ മേലങ്കിയാല്‍ എന്നെയും പൊതിഞ്ഞുപിടിക്കണമേ. എല്ലാ വിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും പൈശാചികപീഡകളില്‍ നിന്നും എന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ദുഷ്പ്രവൃത്തികളില്‍ നിന്നും മറ്റുള്ളവരുടെ ചതി, വഞ്ചന, അസൂയ എന്നിവയില്‍ നിന്നും എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ. ആമ്മേന്‍