പരിശുദ്ധ കന്യാമറിയം നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളാണെന്ന് നമുക്കറിയാം. സാത്താന് മേല്‍ മറിയത്തിന് വിജയമുണ്ടെന്നും നമുക്കറിയാം. എന്നാല്‍ യൗസേപ്പിതാവിനെ ഇക്കാര്യത്തില്‍ നാം അത്രഗൗരവത്തിലെടുക്കാറില്ല.
എന്നാല്‍ പരിശുദ്ധ അമ്മയെപോലെ തന്നെ വിശുദ്ധ ജോസഫിനെയും തോല്പിക്കാന്‍ സാത്താന് കഴിയില്ല എന്നതാണ് വാസ്തവം. ചെറുതോ വലുതോ ആയ ഒരു കാര്യത്തില്‍ പോലും ജോസഫിനെ തോല്പിക്കാന്‍ കഴിയില്ല. വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ഈശോയ്‌ക്കെതിരായ നീക്കങ്ങളെല്ലാം വാസ്തവത്തില്‍ പരിശുദ്ധ കന്യാമറിയത്തിനും വിശുദ്ധ യൗസേപ്പിതാവിനും എതിരെയുള്ള ആക്രമണങ്ങള്‍ തന്നെയാണ്. ജോസഫ് എന്ന ഒരേയൊരു ആളുടെ ശക്തമായ വിശ്വാസവും ധീരമായ നടപടികളുമാണ് രക്ഷകന്റെ അവതാരം മുതലുള്ള രക്ഷാകരപദ്ധതികള്‍ വിജയത്തിലെത്തിച്ചതെന്നും നാം മറക്കരുത്.
പിശാച് എല്ലാവരെയും വശീകരിച്ച് തന്റെ ഭാഗത്ത് നിര്‍ത്തിയപ്പോഴും ജോസഫ് അതിനെതിരെ പോരാടി. സാത്താനോടുള്ള ജോസഫിന്റെ പോരാട്ടം ഒറ്റയ്ക്കായിരുന്നു. കാരണം ജോസഫ് ശക്തനും ധീരനുമായിരുന്നു. ഈശോയ്ക്കും മാതാവിനും വേണ്ടിയായിരുന്നു ജോസഫിന്റെ പോരാട്ടങ്ങള്‍. അനേകം മനുഷ്യരെ തിന്മയുടെ ആക്രമണങ്ങളില്‍ നിന്ന്, സാത്താനില്‍ നിന്ന് രക്ഷിക്കാന്‍ ജോസഫിന് കഴിഞ്ഞു. ജോസഫിന്റെ വിജയം ദൈവത്തിന്റെ വിജയമാണ്.
അതുകൊണ്ട് ജോസഫിനോട് പ്രാര്‍ത്ഥിക്കാന്‍ നാം മറക്കരുത്, മടിക്കരുത്. സാത്താനിക ശക്തികള്‍ നമുക്കെതിരെ പോരാടുമ്പോള്‍ ഈ അപ്പന്റെ അടുക്കലേക്ക് നമുക്ക് ഓടിച്ചെല്ലാം. ഈശോയെയും മാതാവിനെയും രക്ഷിച്ച ഈ അപ്പന് നമ്മെ രക്ഷിക്കാന്‍ കഴിവില്ലാതിരിക്കുമോ. ഒരിക്കലുമില്ല.