നമുക്കെല്ലാം അറിയാവുന്നതുപോലെ ആഗോളസഭ ഉള്‍പ്പടെയുളള നിരവധി പ്രാദേശികസഭകള്‍ നിരന്തരമായി പലവിധത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്. വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ സഭയ്ക്കുവേണ്ടി നാം കൂടുതലായി പ്രാര്‍ത്ഥി്ക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്ന സമയം കൂടിയാണ് ഇത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ച നേരം ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ കൗണ്‍സിലിന്റെ മധ്യസ്ഥനായി തിരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിനോട് ജോണ്‍ ഇരുപത്തിമൂന്നാമന് നിര്‍വാജ്യമായ ഭക്തിയുമുണ്ടായിരുന്നു. സഭയെ മുഴുവന്‍ ജോസഫിന് സമര്‍പ്പിച്ചാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പ്രാര്‍ത്ഥിച്ചിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും കാരണമായി എന്നും നമുക്കറിയാം. കൗണ്‍സിലിന്റെവിജയത്തിന് നാം കടപ്പെട്ടിരിക്കുന്നതും ജോസഫിനോടാണ്. അതുകൊണ്ട് നമുക്ക് വിശുദ്ധ ജോസഫിന്റെ വര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ കൂടുതലായി യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം.
വിശുദ്ധ യൗസേപ്പേ ഉണ്ണീശോയെയും പരിശുദ്ധ അമ്മയെയും എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുസംരക്ഷിച്ചതുപോലെ ഞങ്ങളുടെ സഭയെയും കാത്തുസംരക്ഷിക്കണമേ. സഭയിലെ അംഗങ്ങളായ ഞങ്ങള്‍ ഓരോരുത്തരെയും എല്ലാവിധ പാപമാലിന്യങ്ങളില്‍ നിന്നും ലോകമോഹങ്ങളില്‍ നിന്നും മോചിപ്പിക്കണമേ. ആമ്മേന്‍.