വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും ചെറിയ പട്ടാളമായ വത്തിക്കാനിലെ സ്വിസ് ഗാര്‍ഡ് രൂപീകൃതമായിട്ട് ഈ വര്‍ഷം 515 ാം വര്‍ഷം. പോപ്പ് ജൂലിയസ് രണ്ടാമന്‍ 1506 ല്‍ രൂപീകരിച്ചതാണ് സ്വിസ് ഗാര്‍ഡ്.
ആഗോള കത്തോലിക്കാസഭയുടെ തലവനായ മാര്‍പാപ്പമാരുടെ കീഴിലുള്ള സൈന്യമാണ് സ്വിസ് ഗാര്‍ഡ്. മധ്യകാലയുഗത്തില്‍ ഏറ്റവും വിശ്വസ്തരും സമര്‍ത്ഥരുമായ സൈന്യമായി കരുതിപ്പോന്നിരുന്നത് സ്വിസ് പട്ടാളക്കാരെയായിരുന്നു. ഫ്രാന്‍സിലെ രാജാവിനെ അക്കാലത്ത് സേവിച്ചിരുന്നത് സ്വിസ് പട്ടാളക്കാരായിരുന്നു. അവരുടെ സേവനങ്ങളില്‍ മതിപ്പ് തോന്നിയ ജൂലിയസ് രണ്ടാമന്‍ തന്റെ സുരക്ഷയ്ക്കുവേണ്ടി സൈന്യത്തെ അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് സ്വിസ് പട്ടാളം വത്തിക്കാനില്‍ എത്തിച്ചേരുകയും ചെയ്തു എന്നതാണ് പാരമ്പര്യം.
1506 ജനുവരി 21 നാണ് അപ്രകാരം 150 സ്വിസ് ഗാര്‍ഡുകള്‍ എത്തിച്ചേര്‍ന്നത്. വത്തിക്കാനിലും പുറമെയും മാര്‍പാപ്പാമാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സ്വിസ് ഗാര്‍ഡുകളുടെ പ്രധാന ഉത്തരവാദിത്തം. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് മിലിട്ടറി പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ വത്തിക്കാനിലെത്തുന്നത്