കഷ്ടത നിറഞ്ഞ സാഹചര്യങ്ങള്‍ നന്മ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂവെന്ന് നടനും ആഡ് മേക്കറുമായ സിജോയ് വര്‍ഗീസ്. മനോരമ ന്യൂസ് ചാനലിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സഹനങ്ങള്‍ക്കും പിന്നാലെ വലിയൊരു കൃപ രൂപപ്പെടുന്നുണ്ട്. കഷ്ടത ഒരു വ്യക്തിയിലേക്ക് കടന്നുവരുമ്പോള്‍ സാധാരണയായി ആ വ്യക്തി വിഷാദത്തിന് അടിപ്പെട്ടുപോകുകയാണ് ചെയ്യുന്നത്.
സഹനശക്തി ആത്മധൈര്യം നല്കും. ആ ആത്മധൈര്യം പ്രത്യാശ നല്കുന്നു. ഇങ്ങനെ സഹനത്തിലൂടെ ഓരോ സ്‌റ്റേജും കടന്നുപോകാനുണ്ട്. ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളെയാണ് സഹിക്കാനായി ദൈവം തിരഞ്ഞെടുക്കുന്നത്. സ്വര്‍ണ്ണം ഉലയില്‍ ശുദ്ധ ി ചെയ്‌തെടുക്കുന്നതു പോലെയാണ് ദൈവത്തിന് സ്വീകാര്യരായ വ്യക്തികള്‍ സഹനത്തിന്റെ തീച്ചൂളയില്‍ ശുദ്ധി ചെയ്‌തെടുക്കപ്പെടുന്നത് എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്.
ഇനിയുള്ള ലോകത്തിലേക്കുള്ള തയ്യാറെടുപ്പാണ് ഓരോ സഹനവും. വേറൊരു ലോകം ഇല്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇതൊന്നും ഇല്ല.ഈ ലോകത്തിന് അപ്പുറം ആത്മീയമായി മറ്റൊരു ലോകം നമുക്ക് ഉണ്ട് എന്ന് വിചാരിക്കുന്നവര്‍ക്ക് സഹനം വലിയൊരു പ്രത്യാശ നല്കുന്നുണ്ട്. ആശ്വാസമാകുന്നുണ്ട്.
99 ശതമാനം വിശുദ്ധരും സഹനങ്ങളിലൂടെ കടന്നുപോയവരാണ്. കടുത്ത സഹനങ്ങളിലൂടെ കടന്നുപോയവരായിരുന്നു അവരെല്ലാം. സഹനങ്ങളിലൂടെ കടന്നുപോകുന്നവരെല്ലാം ദൈവത്തിന്റെ കൂടെയാണ്. ഇങ്ങനെയൊരു പ്രത്യാശ എല്ലാവരുടെയും ജീവിതങ്ങളില്‍ നിറയപ്പെടണം. സിജോയ് പറയുന്നു.
തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത വ്യക്തിയാണ് സിജോയ് വര്‍ഗീസ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ജെയിംസ് ആന്റ് ആലീസ്, ഇട്ടിമാണി, ലൂസിഫര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.