Sunday, December 15, 2024
spot_img
More

    വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം ദിവ്യകാരുണ്യം സ്വീകരിക്കണമോ?

    വിശുദ്ധ കുര്‍ബാന സ്‌നേഹംതന്നെയായ ഈശോയാണെന്ന് നമുക്കറിയാം. ആ ഈശോയെ സ്വീകരിക്കാന്‍ മാത്രം നാം യോഗ്യരുമല്ല. എങ്കിലും വിശുദ്ധ കുമ്പസാരത്തിലൂടെ പാപക്കറകള്‍ കഴുകിക്കളഞ്ഞതിന് ശേഷമാണ് നാം ദിവ്യകാരുണ്യസ്വീകരണത്തിന് അണയുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുമ്പോള്‍ നാം ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ വിശുദ്ധ കുര്‍ബാന പൂര്‍ണ്ണമാകുകയുള്ളൂ.

    എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാത്തവരായി പലരെയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. അത്തരക്കാരുടെ ഉള്ളിലെ ചിന്ത ഇങ്ങനെയാണെന്ന് തോന്നുന്നു. തങ്ങള്‍ ഇപ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ മാത്രം ഒരുക്കമുളളവരല്ല, കുമ്പസാരിച്ചിട്ടി്ല്ലാത്തവരാണ്,പാപം ചെയ്തവരാണ്.

    ഇങ്ങനെയുള്ള ചിന്തകള്‍ കാരണമാണ് പലരും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാത്തത്. എന്നാല്‍ ഇവിടെ നാം ഒരുകാര്യം അറിയേണ്ടതുണ്ട്.

    ലഘുപാപങ്ങള്‍ മാത്രം ചെയ്തവരാണ് നാം എങ്കില്‍ വിശുദ്ധ കുര്‍ബാനയില്‍ തന്നെയുള്ള അനുരഞ്ജന ശുശ്രൂഷയുടെ സമയത്ത് മനസ്തപിക്കുന്നതിലൂടെ ലഘുപാപങ്ങള്‍ തുടച്ചുനീക്കപ്പെടുന്നുണ്ട്. ഉപവാസം, പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവൃത്തികള്‍ എന്നിവയിലൂടെ പരിഹാരം ചെയ്തും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു കുര്‍ബാന സ്വീകരിക്കാവുന്നതാണ്.

    എന്നാല്‍ മാരകപാപം ചെയ്ത വ്യക്തിക്ക് ഇത് ബാധകമല്ല. അത്തരക്കാര്‍ കുമ്പസാരിക്കുകയും പാപം ഏറ്റുപറഞ്ഞ് മനസ്തപിക്കുകയും ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അവര്‍ക്ക് യോഗ്യതയുണ്ടായിരിക്കുകയുള്ളൂ.

    മാരകപാപത്തില്‍ തുടര്‍ന്നിട്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിലൂടെ അവര്‍ വീണ്ടും പാപമാണ് ചെയ്യുന്നത്. മാരകപാപം ചെയ്തവര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും അര്‍ത്ഥരഹിതമാണ്.

    ചുരുക്കത്തില്‍ ലഘുപാപങ്ങള്‍ മാത്രം ചെയ്തവരാണെങ്കില്‍ അവര്‍ക്ക് വിശുദ്ധകുര്‍ബാനയിലൂടെ തന്നെ പാപപ്പൊറുതി നേടി, മനസ്തപിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്. മാരകപാപം ചെയ്തവരാകട്ടെ കുമ്പസാരത്തിലൂടെ മാത്രമേ അതിനുള്ള യോഗ്യത നേടുന്നുള്ളൂ. മാരകപാപം ചെയ്തവര്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തതുകൊണ്ടും പ്രയോജനം കിട്ടുന്നില്ല.

    അതായത് ലഘുപാപങ്ങള്‍ മാത്രം ചെയ്തവരാണ് നാമെന്ന് ഉറച്ചബോധ്യമുണ്ടായിരിക്കുകയും അതേക്കുറിച്ച് മനസ്തപിക്കുകയും ചെയ്യുന്നവര്‍ക്ക് കുമ്പസാരിക്കാന്‍ സാഹചര്യം ഇല്ലാത്ത അവസ്ഥയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്. എപ്പോഴൊക്കെ കുര്‍ബാനയില്‍ പങ്കെടുക്കുന്നുവോ അപ്പോഴൊക്കെ അനുഭവിക്കേണ്ട സ്‌നേഹവിരുന്നാണ് വിശുദ്ധ കുര്‍ബാനയെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!