Saturday, January 24, 2026
spot_img
More

    കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 8

    കുരിശിന്റെ നിഴലില്‍ നീയെന്നെ മറച്ചുപിടിക്കുകയാണ്. ഇവിടെയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ ചെയ്തുതരാത്ത നൂറായിരം കാര്യങ്ങളെക്കുറിച്ചുള്ള പരാതികളാണ് എന്റെ മനസ്സിലുള്ളത്.

    അവര്‍ അങ്ങനെ ചെയ്തുതന്നിരുന്നുവെങ്കില്‍..ഇങ്ങനെയൊക്കെ ആകുമായിരുന്നുവെങ്കില്‍..അവര്‍ എനിക്ക് തുറക്കാത്ത വാതിലുകളാണ് എന്റെ ജീവിതത്തില്‍ അടഞ്ഞുകിടക്കുന്നതെന്ന്…

    ഇങ്ങനെയൊക്കെ ചിന്തിച്ച് കടന്നുപോകുന്ന എനിക്ക് ഈ കുരിശിന്റെ നിഴലില്‍ ഇരുന്നുകൊണ്ട് അങ്ങെനിക്ക് പറഞ്ഞുതന്ന വചനത്തിന്റെ ആഴം ഗ്രഹിക്കുവാനുളള കൃപ എനിക്ക് നല്കിയാലും.

    മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നത് അവര്‍ക്ക് ചെയ്യുവിന്‍. എല്ലാ നിയമവും പ്രവാചകന്മാരും ഇതിനുള്ളിലാണ് എന്ന് അങ്ങ് പറഞ്ഞുപഠിപ്പിക്കുമ്പോള്‍ എത്രയോ ലളിതമാണ് ജീവിതം, എത്രയോ ലളിതമാണ് സന്തോഷം, എത്രയോ ലളിതമായിട്ടാണ് ജീവിതത്തിലേക്ക് സമാധാനം കടന്നുവരുന്നതെന്ന് ഞാന്‍ ചിന്തിക്കുകയാണ്.

    ലഭിക്കേണ്ടതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാറില്ല, ഞാന്‍ എന്നെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ എപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങുന്നുവോ അവര്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കണമെന്ന് ചിന്തിക്കാന്‍ തുടങ്ങുന്നുവോ അവരെ ശ്രവിക്കണമെന്ന് എനിക്ക് ബോധ്യം ഉണ്ടാകുന്നുവോ മറ്റുള്ളവര്‍ പരിഗണിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവരുന്നുവോ അവിടെ എല്ലാ നിയമങ്ങളും പ്രവാചകന്മാരും ദൈവശാസ്്ത്രവും തത്വശാസ്ത്രവും വന്നുനില്ക്കുകയാണ്.

    ഒരു മനുഷ്യന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാനും അവര്‍ക്ക് നന്മ ആശംസിക്കാനും അവരുടെ നന്മയില്‍ സന്തോഷിക്കാനുമൊക്കെ കഴിയുന്ന ഒരു അനുഭവം അങ്ങ് എനിക്ക് എന്റെ ജീവിതത്തിലേക്ക് നല്കിയാലും. ഞാന്‍ ആഗ്രഹിക്കുന്നതും അതാണ്. എനിക്ക് കിട്ടണമെന്ന് എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുമ്പോള്‍ ഈ ലോകം എത്രയോ സുന്ദരമാകും.!

    എനിക്ക് വേണ്ടതെല്ലാം ഞാന്‍ പിടിച്ചുവച്ചിട്ട് മറ്റുള്ളവരുടെ കൈയിലിരിക്കുന്നതുകൂടി മേടിക്കണം എന്ന് ഞാന്‍ ചിന്തിക്കുമ്പോഴാണല്ലോ ഈ ലോകം എനിക്ക് മുമ്പില്‍ ദു:ഖത്തിന്റെയും മത്സരത്തിന്റെയുമൊക്കെ വേദിയായി മാറുന്നത്. ഈ ഒരു കാലത്ത് മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുന്നതിന്റെ മാനദണ്ഡം എന്റെ ജീവിതമാക്കി മാറ്റിത്തീര്‍ക്കുവാന്‍ അങ്ങെനിക്ക് കൃപ നല്കിയാലും.
    ഫാ. ടോമി എടാട്ട്‌

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!