കൊളംബോ: ലോകമനസ്സാക്ഷിയെ നടുക്കിയ ശ്രീലങ്കയിലെ ബോംബ് സ്ഫോടനത്തെക്കുറിച്ചു നടത്തിയ അന്വേഷണങ്ങളുടെ ഫലം ഗവണ്മെന്റ് പുറത്തുവിടണമെന്നും അങ്ങനെ ചെയ്യാത്തത് ഗവണ്മെന്റിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാന്മാര് പ്രസ്താവനയില്‍ ആരോപിച്ചു.
മറ്റൊരു കമ്മറ്റിയെ നിയോഗിച്ച് സ്്ഫോടനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മെത്രാന്മാര് ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ട്. സ്ഫോടന സംബന്ധമായ എല്ലാ കാര്യങ്ങളും വളരെ വൈകിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്. ബിഷപ് ജൂലിയന്‍ വിന്‍സ്റ്റണ്‍ സെബാസ്റ്റ്യന്‍ ഫെര്‍നാന്‍ഡോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ശ്രീലങ്കയുടെ തലവനാണ് ഇദ്ദേഹം.
ബോംബ് സ്ഫോടനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ പുതിയ ആറംഗസമിതിയെ നിയോഗിക്കാനും എന്നാല്‍ അവയുടെ കാര്യങ്ങളെക്കുറിച്ച് സഭയുമായി പങ്കുവയ്ക്കേണ്ടതില്ലെന്നുമുളള പ്രസിഡന്റിന്റെ തീരുമാനമാണ് ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ മെത്രാന് സമിതിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 260 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.