മാനസാന്തരപ്പെടാന്‍ ആഗ്രഹിച്ച് തന്റെ അടുത്തേക്ക് ഓടിക്കൂടിയ വലിയ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് വളരെ സാധാരണക്കാരായ ആളുകള്‍ വിളിച്ചുചോദിച്ചു, ഞങ്ങള്‍ മാനസാന്തരപ്പെടാന്‍ എന്തു ചെയ്യണം? ദൈന്യതയാര്‍ന്ന മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ജീവിതത്തിന്റെ പ്രയാസപ്രതിസന്ധികളിലൂടെ കടന്നുപോയതിന്റെ പ്രയാസവുമൊക്കെ നിറഞ്ഞ ആ പാവം മനുഷ്യരോട് സ്‌നാപകയോഹന്നാന്‍ പറഞ്ഞു,
മാനസാന്തരപ്പെടാന്‍ വളരെ എളുപ്പമാണ് നിന്റെ പാത്രത്തിലെ ഭക്ഷണത്തിന്റെ ഒരു ഭാഗം വേറൊരുവന് കൊടുത്താല്‍ മതി. നിനക്ക് രണ്ടുടുപ്പ് ഉണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവന് കൊടുത്താല്‍ മതി. അങ്ങനെ കൊടുക്കുമ്പോള്‍ നീ തിരികെ നടക്കുകയാണ്, ജീവിതത്തില്‍. നിനക്ക് എല്ലാം തന്നവന്റെ അടുക്കലേക്ക്… ഇതിനെയാണ് മാനസാന്തരം എന്ന് പറയുന്നത്.
സാധാരണക്കാര്‍ക്ക് അത് വളരെപെട്ടെന്ന് മനസ്സിലായി. അവന്റെ ഇല്ലായ്മകള്‍ പലതും ഇതിലാണ് അടങ്ങിയിരിക്കുന്നത്. ഒരുനേരത്തെ ആഹാരം ഇല്ലാതെ വന്നതിന്റെ വേദന അവന്‍ നന്നായി അറിഞ്ഞിട്ടുണ്ട്. കുളിരുന്ന ഒരു രാവില്‍ വസ്ത്രമില്ലാത്തതിന്റെ വേദന അവനറിയാം.
അവന്‍ മനസ്സിലാക്കി, മാനസാന്തരം എളുപ്പമുള്ള ഒരു പ്രക്രിയയാണ്. അത് കൊടുക്കാന്‍ പഠിക്കുകയാണ്. അങ്ങനെയെങ്കില്‍ മാനസാന്തരപ്പെടാത്ത മനുഷ്യന്റെ പ്രത്യേകത അവന്‍ ഒന്നും കൊടുക്കുന്നില്ല എന്നതാണ്. അവന് കിട്ടുന്നത് മുഴുവന്‍ അവന്‍ ആഗ്രഹിക്കുന്നു. മറ്റാര്‍ക്കും കൊടുക്കാന്‍ അവന്റെ കൈയില്‍ഒന്നുമില്ല. ക്രിസ്തുവിന്റെ ആമുഖമാണ് സ്‌നാപകയോഹന്നാന്‍ സംസാരിച്ചത്.
ഈ ഒരു ദിവസം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വലിയൊരു സത്യമുണ്ട്, എന്റെ പാത്രത്തിലെ ആഹാരത്തിന്റെ ഒരു പങ്ക് ആര്‍ക്കോ വേണ്ടിയുള്ളതാണ്. ഞാന്‍ കൂടുതല്‍ അണിയുന്നതൊക്കെ ആര്‍ക്കൊക്കെയോ തണുപ്പകറ്റാന്‍ വേണ്ടിയുള്ളതാണ് എന്ന്. ഇങ്ങനെയൊരു ചിന്തയിലേക്ക് അവിടുന്ന് എന്നെ നയിച്ചാലും.
എന്റെ ഭക്ഷണപാത്രത്തിന്റെ പാതിയില്‍ മറ്റൊരാളുടെ സാന്നിധ്യം കാണാന്‍ ശ്രമിക്കുമ്പോഴാണ് മാനസാന്തരം പൂര്‍ണ്ണമാകുന്നത്. എന്റെ പുറങ്കുപ്പായം വേറൊരുവന്റെ തണുപ്പകറ്റാന്‍ കൊടുക്കുമ്പോഴാണ് മാനസാന്തരം ജീവിതാനുഭവമായി മാറുന്നത്. ഈ അനുഭവത്തിലേക്ക് , പങ്കുവയ്ക്കലിലേക്ക് അവിടുന്നെന്നെ നയിച്ചാലും.
ഫാ. ടോമി എടാട്ട്