ഉപ്പിനെ ഉപ്പാക്കി മാറ്റുന്നത് അതിന്റെ ഉപ്പുരസമാണ് എന്ന സാധാരണ തത്വമാണ് ഇന്ന് അങ്ങെന്നോട് പറഞ്ഞത്. ഉപ്പിന് ഉപ്പിന്റെ ഉപ്പുരസം നഷ്ടപ്പെട്ടുപോയാല്‍ എന്തിന് കൊള്ളും അതിനെ. അങ്ങ് പറഞ്ഞുവച്ചത് അത് വലിച്ചെറിയപ്പെടാനും ചവിട്ടിമെതിക്കപ്പെടാനുള്ളതും ആണ് എന്നാണ്. ചിലപ്പോഴെങ്കിലും ഞാന്‍ വലിച്ചെറിയപ്പെടുന്നതും ചവിട്ടിമെതിക്കപ്പെടുന്നതും ഉപ്പുരസം ഇല്ലാതാകുന്നതുകൊണ്ടാണോ?
എന്റെയുള്ളിലെ ഉപ്പുരസം നന്മ, അനുഗ്രഹങ്ങള്‍,പ്രകാശം അതൊക്കെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ചിലപ്പോള്‍ വലിച്ചെറിയപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യാനിടയുണ്ട് എന്ന് അങ്ങെന്നെ ഓര്‍മ്മപ്പെടുത്തുകയാണ്.അതുകൊണ്ട് ഞാന്‍ എന്റെ ഉപ്പുരസം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും. ഓരോ നിമിഷവും ഉപ്പുരസം നഷ്ടപ്പെട്ടുപോകുന്ന, നന്മകള് നഷ്ടപ്പെട്ടുപോകുന്ന ഒരു ജനക്കൂട്ടത്തിനിടയിലൂടെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്. ഉരഞ്ഞും മുട്ടിയും എന്റെ ജീവിതത്തിലെ നന്മകളൊക്കെ കൊഴിഞ്ഞുപോകാനിടയുണ്ട് എന്ന് അങ്ങ് ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഉപ്പുരസം കാത്തൂസൂക്ഷിച്ചുകൊണ്ട് രുചി പകരാനുള്ള കൃപ അങ്ങെനിക്ക് നല്കിയാലും.
ഉപ്പുപോലെ സകലരിലേക്കും നന്മയുടെ പ്രസരണങ്ങളേല്പിക്കാന് അങ്ങെന്നെ സഹായിച്ചാലും. ഉറ കെട്ടുപോകാതെ എന്റെയുള്ളില്‍ അങ്ങ് തന്നിരിക്കുന്ന ആത്മാവിന്റെ ഉപ്പുരസങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അനേകര്ക്ക്അത് രുചിപകരാന്‍ അവിടുന്നെന്നെ അനുഗ്രഹിച്ചാലും ഓരോ നിമിഷവും ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ട് ഇതില്‍. എന്റെ ഉപ്പുരസങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടോ?
എന്റെ നന്മകളുടെ ഉറവകള്‍ വറ്റിപ്പോയിട്ടുണ്ടോ? അത് കണ്ടുപിടിക്കാനും കണ്ടുപിടിച്ചതിനെ പരിഹരിക്കാനും വലിച്ചെറിയപ്പെടാതെ ചേര്ത്തുസൂക്ഷിക്കാനുമുള്ള അനുഗ്രഹം കുരിശിന്റെ വഴിയില്‍ നിന്ന് അങ്ങനെനിക്ക് നല്കിയാലും.
ഫാ. ടോമി എടാട്ട്