തനിക്ക് സംഭവിക്കാനിരിക്കുന്ന പീഡകളെക്കുറിച്ചും തിരസ്‌ക്കാരത്തെക്കുറിച്ചും ജറുസലേം തന്റെ മരണത്തിന്റെ സ്ഥലമാകുമെന്നതിനെക്കുറിച്ചും തന്റെ ശിഷ്യന്മാരോട് അങ്ങ് തുറന്നുപറഞ്ഞപ്പോള്‍ സ്‌നേഹാധിക്യം കൊണ്ട് പത്രോസ് മാറ്റിനിര്‍ത്തിപറഞ്ഞ വാക്കുകള്‍ ദൈവം കനിയട്ടെ കര്‍ത്താവേ ഇതൊരിക്കലും അങ്ങേയ്ക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ്.
കര്‍ത്താവേ, അങ്ങയുടെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴൊക്കെ ഇത്തരം ചില തടസങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇതൊക്കെ സംഭവിക്കാതെ കടന്നുപോകുന്നതല്ല രക്ഷയുടെ വഴിയെന്ന് അവിടുന്ന് പത്രോസിനെ ശാസിക്കുന്നുമുണ്ട്. പത്രോസിനെ ശാസിക്കുന്നത് അദ്ദേഹത്തിന് കൊടുക്കുന്ന രക്ഷാകരവഴിയുടെ തിരുത്തലാണ്.
വളരെ കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നത് രക്ഷയുടെ വഴികളില്‍ സഹനങ്ങളും വേദനകളുമൊക്കെ നിത്യസന്ദര്‍ശകരായി കടന്നുവരുന്നു എന്ന വലിയൊരു സത്യമാണ്. കര്‍ത്താവേ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഓരോ വേദനാജനകമായ സാഹചര്യങ്ങള്‍ക്കും അപ്പുറം നിത്യരക്ഷയുടെ പ്രഭാതങ്ങളുണ്ടെന്ന്,അത് നിത്യരക്ഷയിലേക്ക് നയിക്കുന്ന വഴികളാണെന്ന് മനസ്സിലാക്കാനുള്ള അനുഗ്രഹം അങ്ങ് എനിക്ക് നല്കിയാലും.
കഴിഞ്ഞുവന്ന നാളുകളില്‍ കടന്നുവന്ന സഹനത്തിന്റെ ഓരോ നിമിഷവും അതെത്രയോ മനോഹരമായി രക്ഷാകരമായി അങ്ങ് ഒരുക്കിയെന്ന് മനസ്സിലാക്കാന്‍, തിരിഞ്ഞുനോക്കാന്‍ അവിടുന്നെന്നെ അനുഗ്രഹിച്ചാലും. കര്‍ത്താവേ, സഹനങ്ങളും പീഡകളും പ്രതിസന്ധികളും തടസ്സങ്ങളും പ്രകാശത്തിലേക്കും രക്ഷയിലേക്കും നയിക്കുന്നതാണ് എന്ന് മനസ്സിലാക്കാനും അവിടെയൊക്കെ അങ്ങയുടെ സാന്നിധ്യം നിത്യമുണ്ടെന്ന് മനസ്സിലാക്കാനും അവിടുന്നെനിക്ക് കൃപ നല്കിയാലും.
ഫാ.ടോമി എടാട്ട്