ജനക്കൂട്ടം അടുത്തില്ലാത്തപ്പോള്‍ ഗുരുവേ നിന്നെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് തക്കംപാര്‍ത്തിരുന്നു. ആളൊഴിഞ്ഞു കഴിയുമ്പോള്‍, ആരവം ഒഴിഞ്ഞുകഴിയുമ്പോള്‍, ഒറ്റിക്കൊടുക്കാന്‍ ഒരു സമയം ഉണ്ടാവുമെന്ന് മനസ്സില്‍ നിനച്ച് അവന്‍ മുന്നോട്ടുപോകുകയാണ്. എത്രയോ നാളുകളായിരിക്കാം നിഴലുപോലെ നിന്റെ പിന്നാലെ അവന്‍ നടന്നിരിക്കുക.
നിന്റെ വചനങ്ങള്‍ കേട്ടിട്ടും കേള്‍ക്കാതെയും നിന്റെ സൗഖ്യങ്ങള്‍ കണ്ടിട്ടും സൗഖ്യമൊരിക്കലും ജീവിതത്തിലേക്ക് സ്വീകരിക്കാതെയും ഒറ്റികൊടുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിന്റെ പിന്നാലെ അവന്‍ നടന്ന നാളുകള്‍. അവനൊരു സമയം വേണമായിരുന്നു ഒറ്റിക്കൊടുക്കാന്‍, ആരുമില്ലാത്ത ഒരു നേരം. ജനക്കൂട്ടം അകന്നിരിക്കുന്ന നേരം.
അങ്ങനെ തിന്മ നിരൂപിച്ചു തന്നെയാണ് അവന്‍ അങ്ങയുടെ പിന്നാലെ നടന്നത്. ഗുരോ, ഞാനെന്തിനാണ് അങ്ങയുടെ പിന്നാലെ നടക്കുന്നത്? എന്നോട് തന്നെ ചോദിക്കേണ്ട സമയമാണ് ഇത്.
നിന്‌റെ ഓരം ചേര്‍ന്ന് ഞാന്‍ നടക്കുമ്പോള്‍ നിന്റെ സൗഖ്യവും നിന്റെ വചനങ്ങളും എന്നെ സൗഖ്യപ്പെടുത്തുന്ന അനുഭവത്തിലൂടെയാണോ ഞാന്‍ കടന്നുപോകുന്നത് എന്ന് എനിക്ക് എന്നോട് തന്നെ ചോദിക്കേണ്ടതുണ്ട്. കാലത്തിന്റെ പ്രത്യേകതയില്‍ ചിലപ്പോള്‍ അറിയാതെ ഒറ്റുകാര്‍ രൂപപ്പെട്ടുവരാറുണ്ട് എന്നത് ഓര്മ്മപ്പെടുത്തുകയാണ് അങ്ങ്.
നിന്‌റെ പിന്നാലെ നടക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്ന്. കാരണം ഒരടി തെറ്റി മാറിയാല്‍ എന്റെ എല്ലാ നന്മകളുംനഷ്ടപ്പെടുമെന്ന് അങ്ങെന്നെ ഓര്‍മ്മപ്പെടുത്തുകയാണ്. ഗുരുവേ അങ്ങയുടെ മുഖത്തു മാത്രം നോക്കി നടക്കുവാനും അങ്ങയുടെ ഹൃദയമിടിപ്പോട് ചേര്‍ത്തുവയ്ക്കാനും അവിടുന്ന് കാണിച്ചുതരുന്ന പ്രകാശത്തില്‍ ജീവിക്കാനും അവിടുന്നെന്നെ അനുഗ്രഹിക്കണമേ. അല്ലെങ്കില്‍ ഈ ഇരുളില്‍ എന്റെ ഉളളിലെവിടെയെങ്കിലും പതര്‍ച്ചകള്‍ രൂപപ്പെടാം. നീയെന്നെ ചേര്‍ത്തുപിടിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഫാ. ടോമി എടാട്ട്