അന്ന് ശിഷ്യന്മാര്‍ അവനോട് ചോദിച്ചു നിനക്കു വേണ്ടി ഞങ്ങള്‍ എവിടെയാണ് പെസഹാ ഒരുക്കേണ്ടത്. കര്‍ത്താവേ ഇന്ന് ഞാനെന്റെ പെസഹാ എവിടെ ഒരുക്കും? ശാന്തമായി നിന്റെ സ്‌നേഹത്തെ ഓര്‍ത്ത് ധ്യാനിക്കാനും നീ കടന്നുപോയതിന്റെ ഓര്‍മ്മ ആചരിക്കാനും നീ നിന്റെ ഹൃദയരക്തം എടുത്തുയര്‍ത്തിയ കാസയെ ഒന്നു കണ്‍തുറന്നുകാണാനും നിന്റെ തിരുശരീരമാകുന്ന അപ്പത്തിന്റെ ഭാഗമായിത്തീരാനും ഒരു പുതിയ പെസഹാ നീയെനിക്ക് മുമ്പിലേക്ക് കൊണ്ടുവന്നുവയ്ക്കുമ്പോള്‍ കര്‍ത്താവേ എവിടെയിരുന്ന് ഞാന്‍ ഈ പെസഹായില്‍ പങ്കുചേരും?
നീ ഇന്ന് എന്റെ ഹൃദയത്തില്‍ ഞാനൊാരുക്കിയ പെസഹാ അപ്പത്തില്‍ എന്നോടൊപ്പം ഉണ്ടായിരിക്കണമേ എന്നതാണ് എന്റെ പ്രാര്‍ത്ഥന. അവിടെ ശിഷ്യന്മാരാരുമില്ലകൂട്ടുകാരാരുമില്ല ഞാന്‍..ഞാന്‍ മാത്രം.
നീയെന്റെ അടുക്കലേക്ക് വരണമേയെന്ന് എന്റെ പെസഹാ അപ്പ മേശയില്‍ നീ കൂടി എന്റെ അരികില്‍ വന്നിരിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ പ്രവേശിക്കാന്‍ പോകുന്ന പീഡാനുഭവത്തിന്റെയും സഹനത്തിന്റെയും വഴികളില്‍ നിന്‌റെ പെസഹാ ഭക്ഷണമെനിക്ക് നീയെടുത്ത് എന്റെ ഭക്ഷണമേശയില്‍ നീയെനിക്ക് വിളമ്പിതന്ന ഭക്ഷണമെനിക്ക് കരുതലും കരുത്തുമായിത്തീരുന്നതിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഓരോ പെസഹായും അങ്ങ് എനിക്ക് നല്കുന്ന ഉറപ്പാണ്. നീ കൂടെയുണ്ട് എന്ന ഉറപ്പ്. ആ ബോധ്യത്തില്‍ സ്വര്‍ഗ്ഗീയമായ അഗ്നി കത്തിച്ച് അതിനെ ജ്വലിപ്പിച്ചു നിര്‍ത്തിയാലും.
ഫാ.ടോമി എടാട്ട്