നോര്‍ത്തേണ്‍ ഫ്രാന്‍സ്: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള 135 വര്‍ഷം പഴക്കമുള്ള ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു, ലില്ലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പുതിയ കെട്ടിടത്തിലേക്ക് വഴി നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ദേവാലയം തകര്‍ത്തത്.
രാജ്യത്ത് അടുത്ത ഏതാനും മാസങ്ങളായി തകര്‍ക്കാനിരിക്കുന്ന ദേവാലയങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ നശിപ്പിച്ചിരിക്കന്നത്. 1880 നും 1886 നും ഇടയില്‍ ഈശോസഭ നിര്‍മ്മിച്ചതാണ് ഈ ദേവാലയം. ദേവാലയത്തിന്റെ അതേ ശില്പഭംഗിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തൊട്ടടുത്തുള്ള റാമൗ പാലസ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. രണ്ടും രൂപകല്പന ചെയ്തിരിക്കുന്നത് ഓഗസ്റ്റീ മൗര്‍ക്കൗ എന്ന വ്യക്തിയാണ്.
പാലസിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനമായിട്ടുണ്ട്. ചരിത്രപരമായി പ്രാധാന്യമുളളതാണ് ദേവാലയമെന്നും അത് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ മന്ത്രിസഭ തള്ളിക്കളഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രധാനപ്പെട്ട പ്രോജക്ടാണ് നടപ്പിലാക്കുന്നതെന്നും 120 മില്യന്‍ യൂറോയാണ് ചെലവാക്കുന്നതെന്നും ഭരണകൂടം വിശദീകരിക്കുന്നു.
1902 ല്‍ പണികഴിപ്പിക്കപ്പെട്ട സെന്റ് എലോയ് ഡു പോയിറെയര്‍ ചര്‍ച്ചും പൊളിച്ചുകളയല്‍ ഭീഷണിയിലാണ്.