അയര്‍ലണ്ട്: മരിയന്‍ പ്രത്യക്ഷീകരണത്തിലൂടെ പ്രശസ്തമായ നോക്കിലെ ഷ്രൈന് മാര്‍ച്ച് 19 ന് യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്താരാഷ്ട്രപദവി നല്കും. ഇതോടെ അന്താരാഷ്ട്ര മരിയന്‍ ആന്റ് യൂക്കറിസ്റ്റിക് ഷ്രൈന്‍ എന്ന് ഈ ദേവാലയം അറിയപ്പെടും.
അന്നേ ദിവസം രാത്രി 7.30 ന് ആര്‍ച്ച് ബിഷപ് നിയറിയും ഫാ. റിച്ചാര്‍ഡും കാര്‍മ്മികരായി അര്‍പ്പിക്കുന്ന ദിവ്യബലി മധ്യേ വീഡിയോ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന്റെ പ്രഖ്യാപനം നടത്തുന്നത്.
1989 ല്‍ ഇവിടെ നടന്ന ദിവ്യകാരുണ്യാരാധനയിലൂടെ മാരിയോന്‍ കരോള്‍ എന്ന ശയ്യാവലംബിയായ സ്ത്രീക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെ വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ രണ്ടുവര്‍ഷങ്ങള്‍ക്ക ശേഷമാണ് ഈ പദവി പ്രഖ്യാപനം എന്ന പ്രത്യേകതകൂടിയുണ്ട്.
1879 ഓഗസ്റ്റ് 21 ന് ആണ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം ഈ ദേവാലയത്തിലുണ്ടായത്. യൗസേപ്പിതാവും വിശുദ്ധ യോഹന്നാനും മാലാഖമാരും ഈശോയും ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. മറ്റ് പ്രത്യക്ഷീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിശുദ്ധ അമ്മ ദര്‍ശന വേളയില്‍ നിശ്ശബ്ദയായിരുന്നു. ഈ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാനായി വത്തിക്കാന്‍ രണ്ടു കമ്മീഷനുകളെ നിയോഗിച്ചിരുന്നു. 1879 ലും 1936 ലും ആയിരുന്നു അത്. പ്രത്യക്ഷീകരണം വിശ്വാസയോഗ്യമാണെന്നും തൃപ്തികരമാണെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്.
വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശുദ്ധ മദര്‍ തെരേസയും നോക്കിലെ ഈ ദേവാലയത്തില്‍ എത്തിയിട്ടുണ്ട്. 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇവിടം സന്ദര്‍ശിച്ചിരുന്നു.
കൊറോണ വ്യാപനത്തിന് മുമ്പ് ആഴ്ചയില്‍ നാലായിരത്തോളം കുമ്പസാരങ്ങള്‍ നടന്നിരുന്നതായി റെക്ടര്‍ അറിയിച്ചു. ഇത് പ്രത്യാശയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഇടമാണ്. നോക്ക് വിശ്വാസികള്‍ക്ക് നല്കുന്നത് ഇവയെല്ലാമാണ്. അദ്ദേഹം അറിയിച്ചു.