കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ വിശ്വാസകാര്യ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാര്‍ നടന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
വിശ്വാസകാര്യ മെത്രാന്‍ സമിതി അംഗങ്ങളായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.
ശാശ്വത സത്യങ്ങളായ മരണം, ഉയിര്‍പ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയില്‍ ക്രൈസ്തവര്‍ ജീവിക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
ക്രൈസ്തവര്‍ മനുഷ്യന്റെ അന്ത്യങ്ങളായ തനതുവിധി, പൊതുവിധി, സ്വര്‍ഗ്ഗം, നരകം എന്നിവയെക്കുറിച്ച് അവബോധമുള്ളവരാകണണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
യുഗാന്ത്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് വിശ്വാസവളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
യുഗാന്ത്യ ചിന്തകള്‍ രക്ഷയുടെയും ആനന്ദത്തിന്റെയും ആധ്യാത്മികതയിലേക്ക് നയിക്കണമെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.