അന്ത്യ അത്താഴത്തിന്റെ പടവുകള്‍ നീ ചവിട്ടി കയറാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ നിന്റെ ശിഷ്യന്മാര്‍ ചോദിച്ചു ഞങ്ങള്‍ എവിടെയാണ് നിനക്ക് ഭക്ഷണം ഒരുക്കണമെന്ന് നീ ആഗ്രഹിക്കുന്നത്? നീ ആഗ്രഹിക്കുന്ന ഇടത്ത് നിനക്കുവേണ്ടി പെസഹാ ഒരുക്കാന്‍ തയ്യാറായിരുന്ന ശിഷ്യന്മാര്‍ ഈ ചോദ്യം എന്റെ അധരങ്ങളിലേക്ക് നീ നിക്ഷേപിക്കുകയാണ്.
നിനക്കുവേണ്ടി ഞാന്‍ എവിടെയാണ് പെസഹാ ഒരുക്കേണ്ടത്? കടം കൊണ്ട ഒരു മാളികമുറിയിലേക്ക അല്ല ഈ ചോദ്യം എന്നെ നയിക്കുന്നത് എന്ന് കര്‍ത്താവേ എനിക്കറിയാം. ഈ ചോദ്യം ഇന്ന് ഞാന്‍ നിന്നോട് ചോദിക്കുമ്പോള്‍ നീ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്ക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
എന്റെ ഹൃദയത്തിന്റെ മിടിപ്പിലേക്ക് നിന്റെ കാത് നേര്‍ത്തുനേര്‍ത്തുവരുന്നത് ഞാന്‍ അറിയുന്നുണ്ട്. എന്നിട്ട് ഇന്ന് നീ എന്നോട് പറയുന്നത് ഞാന്‍കേള്‍ക്കുന്നുമുണ്ട്.ഒരു മാളികമുറിയിലേക്കുമല്ല പെസഹാ ഒരുക്കാന്‍ ഞാന്‍ നിന്നെ വിടുന്നത്. നിന്റെ ഹൃദയത്തിന്റെ വേദനകളിലേക്കും നിന്റെ സങ്കടങ്ങളുടെ ഇരിപ്പിടമായവിചാരങ്ങളിലേക്കും പരാജയപ്പെട്ടുപോയ നിരാശബോധത്തിലൂടെ കടന്നുപോകുന്ന ജീവിതാനുഭവങ്ങളിലേക്കും കടന്നുവന്നുകൊണ്ട് എന്റെ പെസഹാ നിന്റെ ഉള്ളില്‍ ഒരുക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നീ പറയുന്ന മൊഴി കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു കര്‍ത്താവേ നിന്നോടുള്ള എന്റെ പ്രാര്‍ത്ഥന ഇന്ന് ഇതാണ് .
നിന്റെ പെസഹാ എന്റെ ജീവനുമേല്‍, എന്റെ ജീവിതത്തിന് മേല്‍, നീ ഒരുക്കണമേയെന്ന്.ഇനി ഞാനൊരിക്കലും നിന്നോട് ചോദിക്കുകയില്ല എവിടെയാണ് ഞാന്‍ നിനക്ക് പെസഹാ ഒരുക്കേണ്ടതെന്ന്.. മറിച്ച് എനിക്കറിയാം അതെന്റെ ജീവിതമാകുന്ന മേശയാണ്. അവിടെയൊരുക്കുന്ന പെസഹായാണ് നിനക്ക് ഇഷ്ടമെന്ന്. എന്റെ ജീവിതത്തെ നിന്റെ പെസഹാ മേശയാക്കി മാറ്റുവാന്‍ സഹായിക്കണമേ
ഫാ. ടോമി എടാട്ട്