Friday, November 8, 2024
spot_img
More

    വി. യൗസേപ്പ്‌: ശക്തനും നിശബ്ദനുമായ പുണ്യവാൻ


    പറുദീസയിൽ ദൈവം വാഗ്ദാനം ചെയ്ത രക്ഷകൻ അനേകം സംവത്സരങ്ങൾ കഴിഞ്ഞാണ്‌ മണ്ണിൽ അവതരിച്ചത്‌ എന്ന്‌ നമുക്കറിയാം. യഹൂദസമൂഹം എത്രയോ അധികം നാളുകളാണ്‌ പ്രാർത്ഥനയോടെ കാത്തിരുന്നത്‌. എന്നാൽ സമയത്തിന്റെ പൂർണതയിൽ ദൈവം തന്റെ തിരുക്കുമാരനെ ഈ മണ്ണിലേക്ക്‌ അയക്കാൻ മനസാകുകയും ഈശോ മനുഷ്യനായി മണ്ണിൽ പിറക്കുകയും ചെയ്തു.

    ഈശോയുടെ പിറവിയുമായി ബന്ധപ്പെട്ട്‌ തിരുവചനത്തിലൂടെ നാം മനസിലാക്കിയിട്ടുള്ള കാര്യങ്ങളിൽ വി. യൗസേപ്പിന്‌ വലിയ ഉത്തരവാദിത്വമാണ്‌ ദൈവം നൽകിയിരുന്നത്‌. ജോസഫിനെ ദൈവം ഏൽപിച്ച ഭാരിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റവും തികവോടെ അവൻ പൂർത്തിയാക്കുകയും ചെയ്തു.

    ദൈവത്തിന്റെ പുത്രന്റെ മണ്ണിലെ പിറവിയ്ക്ക്‌ ദൈവം ഒരു ഉപകരണമാക്കിയ ജോസഫിനെക്കുറിച്ച്‌ നമുക്ക്‌ കൂടുതൽ അറിയില്ല. ജോസഫിന്റെ പിതാവിന്റെ പേര്‌ യാക്കോബ്‌ എന്നാണെന്നും അവൻ മറിയത്തിന്റെ ഭർത്താവാണെന്നും, അതുപോലെ, ജോസഫ്‌ ഒരു മരപ്പണിക്കാരനാണെന്നും അദ്ദേഹം നസറത്തിൽ താമസിച്ചിരുന്നുവെന്നും, തന്റെ ഭാര്യയാകാൻ പോകുന്നവൾ വിവാഹത്തിന്‌ മുൻപേ ഗർഭിണിയാണെന്നറിയുമ്പോൾ അവളെ അപമാനിക്കുന്നതിനോ അപവാദമുണ്ടാക്കുന്നതിനോ പകരം അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്നും പിന്നീട്‌ സ്വപ്നത്തിലൂടെ കിട്ടുന്ന വ്യക്തതയാൽ മറിയത്തെ ഭാര്യയായി സ്വീകരിച്ചു എന്നതും നമുക്കറിയാം.

    പിന്നീട്‌ ഈശോയുടെ പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ നാം അറിയുന്നത്‌. അവൻ നേരുള്ളവനും നീതിമാനും ആയതിനാലാണ്‌ ഇങ്ങനെയെല്ലാം ചെയ്തതെന്ന്‌ സുവിശേഷം പറയുന്നു. ഇതിൽ കൂടുതലൊന്നും വി. യൗസേപ്പിനെക്കുറിച്ച്‌ തിരുവചനം പറഞ്ഞുതരുന്നില്ല.

    ഫ്രാൻസിസ്‌ മാർപാപ്പ പറയുന്നു: “വിശുദ്ധ യൗസേപ്പിനെ ഞാൻ വളരെയധികം സ്നേഹിക്കുന്നു, കാരണം അവൻ ശക്തനും നിശബ്ദനുമാണ്‌”. ഈ രണ്ടു ഗുണങ്ങളും ഒന്നിച്ച്‌ ഒരാളിൽ കാണാനാകുക എളുപ്പമല്ല.

    ഫ്രാൻസീസ്‌ മാർപാപ്പ പറയുന്നതുപോലെ ഒരേസമയത്തുതന്നെ വി. യൗസേപ്പ്‌ ശക്തനാണ്‌ അതുപോലെ നിശബ്ദനുമാണ്‌. അവന്റെ ശക്തിയും അതുപോലെ അവന്റെ നിശബ്ദതയും ദൈവപുത്രന്റെ പിറവിക്ക്‌ സഹായകമായി എന്നതാണ്‌ യൗസേപ്പിനെ വ്യത്യസ്തനാക്കുന്നത്‌. 

    തന്നെ ദൈവം ഇത്രയും വലിയ കാര്യത്തിനായാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌ എന്ന അറിവ്‌ സ്വയം അശക്തരെന്ന്‌ കരുതുന്ന ഏതൊരു സാധാരണ മനുഷ്യനേയും ശക്തനാക്കും. പക്ഷേ ഭൂരിപക്ഷത്തേയും സ്വാർത്ഥരും അഹങ്കാരികളുമാക്കും എന്നതാണ്‌ പൊതുവെ കാണുന്ന ചിത്രം. നമ്മുടെ പരിമിതമായ അറിവിൽ നിന്നും നമുക്ക്‌ മനസിലായിട്ടുള്ള ഒരു യാഥാർത്ഥ്യമുണ്ട്‌: ശക്തരായിട്ടുള്ള മിക്കവരും നിശബ്ദരല്ലായിരുന്നെന്നും, നിശബ്ദരായ മിക്കവരും ശക്തരല്ലായിരുന്നെന്നും. ചെയ്യുന്ന കൂഞ്ഞുകാര്യങ്ങൾപോലും വിളിച്ചു പറയുന്ന, അതിന്റെ സ്മാരകങ്ങൾ പണിയുന്ന മനുഷ്യർ ഏറെയാണ്‌. ഇക്കാരണത്താൽത്തന്നെ അവരിൽ വി. യൗസേപ്പിന്റേതുപോലുള്ള ആത്മീയ കരുത്തില്ലാതെ പോകുന്നു.

    നേരിട്ട്‌ കാണുകയും കേൾക്കുകയും ചെയ്യുന്ന മിക്ക കാര്യങ്ങളും മനസിലാക്കാനോ കൃത്യമായ രീതിയിൽ അതിന്‌ പ്രത്യുത്തരമേകാനോ കഴിയാത്തവരാണ്‌ നമ്മൾ. കോറിന്തോസുകാർക്കുളള ഒന്നാം ലേഖനത്തിൽ വി. പൗലോസ്‌ ഇപ്രകാരം പറയുന്നു: “ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല” (1 കോറി. 2:11). വി. പൗലോസ്‌ കോറിന്തോസുകാരോട്‌ പറഞ്ഞ ഈ സത്യം അംഗീകരിക്കുമ്പോഴും, അതിനപവാദമായ ഒരു മനുഷ്യനെക്കുറിച്ച്‌ തിരുവചനത്തിൽ നാം വായിക്കുന്നുണ്ട്‌ എന്നത്‌ വിസ്മരിച്ചുകൂടാ.

    അത്‌ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പാണ്‌. യൗസേപ്പിന്റെ ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ അവനിലുള്ള ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കാണുന്നത്‌., സ്വപ്നത്തിലൂടെ ഓരോ പ്രാവശ്യവും ദൈവം ഇടപെടുന്നതിനെ സംശയമൊന്നുമില്ലാതെ മനസിലാക്കാനായി എന്നതാണ്‌. അവൻ കണ്ട സ്വപ്നങ്ങളൊന്നുംതന്നെ അവന്റെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ പ്രതീക്ഷകളോ അല്ലായിരുന്നു. അതെല്ലാം ദൈവം നടപ്പിലാക്കാൻ പോകുന്ന തീരുമാനങ്ങളായിരുന്നു. എന്നിട്ടും അവനത്‌ മനസിലായി, ചോദ്യങ്ങളില്ലാതെ, പരാതികളില്ലാതെ അവൻ ആ സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കാൻ മനസുകാണിച്ചു.

    യൗസേപ്പ്‌ എന്ന മനുഷ്യൻ തന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച്‌ ദൈവത്തിന്റെ കരം നയിച്ച വഴിയിലൂടെ യാത്ര തിരിച്ചപ്പോൾ ലോകത്തിന്‌ രക്ഷകനെ ലഭിച്ചു, നാം രക്ഷിതരായി. താൻ അറിയപ്പെടുന്നവനാകണമെന്നോ, തന്നെ ലോകം അംഗീകരിക്കണമെന്നോ ജോസഫ്‌ ഒരിക്കലും ചിന്തിച്ചുകാണില്ല. എന്നാൽ ഇന്ന്‌ അദ്ദേഹം സഭയിലെ ഏറ്റവും മഹാനായ വിശുദ്ധരിൽ ഒരാളായി ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല 1870-ൽ പയസ്‌ ഒൻപതാമൻ മാർപാപ്പ വിശുദ്ധ യൗസേപ്പിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായും പ്രഖ്യാപിച്ചു.

    അതായത്‌ ഇനിമുതൽ ക്രിസ്തുവിന്റെ സഭയുടെ രക്ഷാധികാരിയായി ഈശോയുടെ വളർത്തുപിതാവ്‌ ഒപ്പമുണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ. നിശബ്ദനും ശക്തനുമായ യൗസേപ്പിന്‌ സഭ കൊടുത്ത ആദരം കൂടിയാണിത്‌. 

    സാധാരണക്കാരനായ ആശാരിപ്പണിക്കാരൻ മാത്രമായിരുന്ന യൗസേപ്പിന്‌ ദൈവത്തിന്റെ ചിന്തകൾ മനസിലാക്കാനും, അത്‌ ഫലമണിയുന്നതിനായി തന്റെ ജീവിതത്തെ സ്വാർത്ഥതയില്ലാതെ വിട്ടുകൊടുക്കുവാനും കഴിഞ്ഞു എന്നത്‌ നിത്യവും നമ്മുടെ ധ്യാനവിഷയമാക്കേണ്ട കാര്യമാണ്‌. ഒരാളുടെ അറിവും കഴിവും അയാളിൽ വന്നുചേരുന്ന പദവികളും ഉത്തരവാദിത്വങ്ങളുമൊക്കെ സ്വാർത്ഥപരമായ നേട്ടങ്ങൾക്ക്‌ ഉപയോഗിക്കുന്നവർ വായിച്ചുപഠിക്കേണ്ട വിശുദ്ധ പുസ്തകവുമാണ്‌ ജോസഫെന്ന ഈശോയുടെ വളർത്തുപിതാവ്‌.

    യൗസേപ്പിതാവിന്റെ തിരുനാൾ അഘോഷിക്കുമ്പോൾ നമുക്കും പ്രാർത്ഥിക്കാം,

    ഈശോയെ ദൈവീക പദ്ധതിയെ കൃത്യമായി തിരിച്ചറിഞ്ഞ നിന്റെ വളർത്തുപിതാവിനെപ്പോലെ ഞങ്ങളും ദൈവേഷ്ടത്തിന്‌ കീഴ്പ്പെടാൻ കൃപതരണമേ. യൗസേപ്പിനെപ്പോലെ ഞങ്ങളും സ്വപ്നങ്ങൾ കാണാൻ, ആ സ്വപ്നങ്ങളിൽ ദൈവം ഞങ്ങളോട്‌ സംസാരിക്കാൻ, കർത്താവിന്റെ ദൂതൻ നിർദ്ദേശിക്കുന്നതുപോലെ മാത്രം ജീവിതത്തെ ക്രമീകരിക്കാൻ ഞങ്ങളെ സഹായിക്കണമേ. എന്തെന്നാൽ ഏറ്റവും നിസ്സാരമായ കർമ്മങ്ങൾ ചെയ്യുന്നവരാണെങ്കിലും എല്ലാവരെക്കുറിച്ചും ദൈവത്തിന്‌ വ്യക്തമായ ഒരു പദ്ധതിയുണ്ട്‌ എന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമായിരിക്കുന്നു.

    ഏവർക്കും വി. യൗസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനപൂർവം നേരുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!