കര്‍ത്താവേ, അങ്ങ് ശിഷ്യരോടു പറഞ്ഞുകൊടുത്ത എല്ലാ പാഠങ്ങളും അവസാനിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങ് ശിഷ്യന്മാര്‍ക്ക് കൊടുത്ത ഏറ്റവും വലിയ പുരസ്‌ക്കാരമായിരുന്നു അത്. എന്റെ പരീക്ഷകളില്‍ എന്നോടുകൂടി നിരന്തരം ഉണ്ടായിരുന്നവരാണ് നിങ്ങള്‍. ശിഷ്്യന്മാരുടെ ജീവിതത്തെ ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ കര്‍ത്താവേ അങ്ങ് കൊടുത്ത വലിയ അംഗീകാരമായിരുന്നു അത്. എപ്പോഴൊക്കെ നീ പരീക്ഷിക്കപ്പെട്ടുവോ പീഡിപ്പിക്കപ്പെട്ടുവോ ഒറ്റപ്പെടുത്തപ്പെട്ടവോ അപ്പോഴൊക്കെ നിന്റെ കൂടെയുണ്ടായിരുന്നവര്‍ ശിഷ്യന്മാരായിരുന്നു.
ഇത് എന്റെ ജീവിതത്തിലേക്ക് നീ ഉയര്‍ത്തുന്ന വലിയ വെല്ലുവിളിയായിരുന്നുവെന്ന് തന്നെ എനിക്കറിയാം. ചിലപ്പോഴൊക്കെ നീ പരീക്ഷിക്കപ്പെടുന്ന സ്ഥലത്തു നിന്ന് ഞാന്‍ രക്ഷപ്പെടാറുണ്ട്. അങ്ങനെ ഓടി രക്ഷപ്പെടുമ്പോള്‍ ഞാന്‍ ഊരിയെറിഞ്ഞത് ശിഷ്യന്റെ ഉടുപ്പാണ്. പത്രോസ് പുറങ്കുപ്പായം ഊരിയെറിഞ്ഞതുപോലെ ഞാനും ചിലപ്പോള്‍ ഊരിയെറിഞ്ഞുപോകുന്നത് എന്റെ ശിഷ്യത്വമാണ്.
ജീവിതത്തിലെ പ്രതിസന്ധികളില്‍ കൂടെനില്ക്കുന്നവരാണ് തന്റെ ശിഷ്യന്മാരെന്നാണ് നീ ഇന്ന് പഠിപ്പിക്കുന്നത്. കര്‍ത്താവേ, നീ ഒറ്റപ്പെട്ടുപോയ സമയത്ത് ഞാന്‍ അരികെ ഉണ്ടാിയരുന്നുവെങ്കിലെന്ന് ഓര്‍മ്മിക്കുന്നു. എവിടെ പരീക്ഷകളുണ്ടാകുന്നു വോ എവിടെ പ്രതിസന്ധികളുണ്ടാകുന്നുവോ അവിടെ കൂടെ നില്ക്കാന്‍ പഠിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ അവസാനപാഠമെന്ന് അവിടുന്ന് എനിക്ക് കാണിച്ചുതരികയാണ്.
വിട്ടുപോകാതെ കൂടെ നില്ക്കുവാന്‍, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളില്‍ മാത്രമല്ല അടിപതറിപ്പോകുന്ന ചാട്ടവാറടികള്‍ക്ക് മുമ്പിലും തിരസ്‌ക്കരിക്കപ്പെടുന്ന ലോകത്തിന്റെ മുമ്പിലും നിനക്കുവേണ്ടി നിന്നോടൊപ്പം നില്ക്കാന്‍ അങ്ങനെ നിന്റെ ശിഷ്യനാകുവാന്‍ വീണ്ടും കൃപനല്കിയാലും. ഞാന്‍ ഊരിയെറിഞ്ഞുപോകുന്ന വസ്ത്രത്തെ ശിഷ്യത്വത്തിന്റെ പുറങ്കുപ്പായങ്ങളെ എടുത്തുകൊണ്ട് നീ പിന്നാലെ വന്ന് എന്നെ അണിയിച്ചാലും. ഭയപ്പെട്ടുപോകുന്ന നിമിഷങ്ങളില്‍ നീ എന്റെ കൂടെ കടന്നുവന്നാലും
ഫാ.ടോമി എടാട്ട്