ന്യൂഡല്‍ഹി: സുപ്രീം കോടതി അഭിഭാഷകയും നാഷനല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ മുന്‍ അംഗവുമായ സിസ്റ്റര്‍ ജെസികുര്യന്‍ കന്യാസ്ത്രീകള്‍ അവഹേളിക്കപ്പെട്ട സംഭവത്തില്‍ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
കന്യാസ്ത്രീയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും ട്രെയിനില്‍ വച്ച് കന്യാസ്ത്രീകള്‍ അവഹേളിക്കപ്പെട്ട സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞതായി കത്തില്‍ സിസ്റ്റര്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ അപമാനിച്ചവരില്‍ പോലീസും ഉള്‍പ്പെടുന്നതിനാല്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് സിസ്റ്റര്‍ പറയുന്നു. സന്യാസാര്‍ത്ഥിനികളുടെ വാദഗതികള്‍ ഒന്നും വകവയ്ക്കുകയോ തെളിവുകള്‍ പരിശോധിക്കുകയോ ചെയ്യാതെ ട്രെയിനില്‍ നിന്ന് കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥിനികളെയും പോലീസ് ബലമായി പിടിച്ചിറക്കുകയായിരുന്നു.
സ്ത്രീകള്‍ ട്രെയിന്‍യാത്രയില്‍ സുരക്ഷിതരല്ല എന്നാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നതെന്നും റെയില്‍വേ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു.