നാളെ ഓശാന ഞായര്‍. ഓശാന ഞായറിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കായി കേരളത്തിലെ വിവിധ ദേവാലയങ്ങള്‍ ഒരുക്കങ്ങളിലാണ്. ഓശാന ഞായറോടെയാണ് വിശുദ്ധവാരത്തിലേക്കുള്ള തുടക്കം കുറിക്കപ്പെടുന്നത്. നാളെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.
തലസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഓശാനഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാര്‍ കാര്‍മ്മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായിരിക്കും. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പോളീറ്റന്‍ കത്തീഡ്രലില്‍ നാളെ പുലര്‍ച്ചെ 5.45 ന് ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ ആര്‍. ക്രിസ്തുദാസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
പിഎംജി ലൂര്‍ദ്ദ് ഫൊറോന ദേവാലയത്തിലെ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നാളെ രാവിലെ 7.15 ന് ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികനായിരിക്കും.