ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു
തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് നിയമം അനുശാസിച്ചിരുന്നു. എന്നാല്‍ വിദൂരസ്ഥലമായ നസ്രസിലും മറ്റുള്ളവരെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സ്ത്രീകളെയും കുട്ടികളെയും തിരുക്കുടുംബം വര്‍ഷത്തിലൊരിക്കലെങ്കിലും ജറുസലേം സന്ദര്‍ശിച്ചിരുന്നു എന്നനുമാനിക്കാം. ഈശോയുടെ പന്ത്രണ്ടാമത്തെ വയസ്സില്‍ തിരുക്കുടുംബം പതിവുപോലെ ജറുസലേം ദേവാലയത്തിലേക്കു തീര്‍ത്ഥയാത്ര നിര്‍വഹിച്ചു.
ദൈവാരാധനയില്‍ തിരുക്കുടുംബത്തിനുണ്ടായിരുന്ന തീക്ഷ്ണത ഇതു വ്യക്തമാക്കുന്നു. പ.കന്യകയുടെ ആരാധന ദൈവത്തിന് ഏറ്റവും വലിയ മഹത്വം നല്‍കുന്നു. വി.യൗസേപ്പ് നീതിമാനായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ദൈവത്തിന് സംപ്രീതിജനകമാണ് താനും. ഈശോയ്ക്ക് ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ല, അവിടുന്ന്‍ ദൈവമെന്നുള്ള നിലയില്‍ പിതാവിനു തുല്യനാണ്. എന്നാല്‍ മനുഷ്യസ്വഭാവത്തില്‍ അവിടുന്നു ദൈവാരാധനയില്‍ നമുക്ക് മാതൃക നല്‍കുന്നതിനായി ദേവാലയത്തില്‍ പോയി ആരാധിക്കുന്നു.
സ്നേഹവും സ്നേഹപൂര്‍ണമായ ആരാധനയുമായിരുന്നു അവിടുത്തെ മനോഭാവം. നാം ദൈവാരാധനയില്‍ എത്ര വിശ്വസ്തത പുലര്‍ത്തുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ മഹത്വപ്പെടുത്തുന്നതിനാണ്. പക്ഷെ നാം അതു പലപ്പോഴും വിസ്മരിച്ച് ലൗകികമായ സുഖഭോഗങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. നിയമാനുഷ്ഠാനത്തിലും ഈശോ നമുക്ക് മാതൃക നല്‍കുകയാണിവിടെ ചെയ്യുന്നത്.
ഈശോ ദൈവാലയത്തില്‍ നിന്ന് മാതാപിതാക്കന്‍മാരോടൊപ്പം തിരിച്ചുപോന്നില്ല. വി.യൗസേപ്പും പ.കന്യകയും ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ മാത്രമാണ് ആ വസ്തുത മനസിലാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും വിഭിന്ന മാര്‍ഗങ്ങളിലൂടെയാണ് ദൈവാലയത്തില്‍ നിന്നും പിരിഞ്ഞുപോവുക. തന്നിമിത്തമത്രേ അക്കാര്യം നേരത്തെ ശ്രദ്ധയില്‍പെടാതിരുന്നത്. ഉണ്ണിമിശിഹായെ കാണാതിരുന്നതിനാല്‍ ജോസഫും മേരിയും ദുഃഖത്തോടെ ഈശോയെ അന്വേഷിച്ചു. വഴിയാത്രക്കാരോടും മിത്രങ്ങളോടും അവര്‍ തിരക്കി. പക്ഷെ ഫലമുണ്ടായില്ല. മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതായി അവര്‍ കണ്ടു. അത്ഭുതവും ഖേദവും കലര്‍ന്ന സ്വരത്തില്‍ മേരി ഈശോയോട് ചോദിച്ചു: ‘മകനെ നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. നിന്‍റെ പിതാവും ഞാനും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നുവല്ലോ”.
അപ്പോള്‍ ഉണ്ണിമിശിഹാ നല്‍കിയ പ്രത്യുത്തരം അവരെ കൂടുതല്‍ അത്ഭുതപരതന്ത്രരാക്കി. “നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ? ഈശോ ജോസഫിന്‍റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടുപേര്‍ക്കും വളരെ വലിയ ദുഃഖത്തിനു കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു. പാപികള്‍ക്കു ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനോവേദന പ.കന്യകയ്ക്കും അനുഭവവേദ്യമായി.
അവള്‍ ജന്മപാപത്തിന്‍റെയും കര്‍മപാപത്തിന്‍റെയും യാതൊരു മാലിന്യവുമേശാത്ത നിര്‍മ്മലയായ സ്ത്രീയാണ്. പിന്നെ എന്തുകൊണ്ട് ഈശോ അതനുവദിച്ചു? പാപികളോടു സഹതാപാര്‍ദ്രമായ ഒരു ഹൃദയം പ.കന്യകയ്ക്കുണ്ടാകുന്നതിനായിരിക്കാം. പാപികള്‍ ഈശോയെ കണ്ടെത്തുന്നതും മറിയത്തിലൂടെയത്രേ. ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യനിര്‍വഹണത്തിന് മതാപിതാക്കന്‍മാരോടും ബന്ധുമിത്രാദികളോടുമുള്ള സ്നേഹം പ്രതിബന്ധമാകരുത് എന്നുള്ള വസ്തുതയും ഇവിടെ നമ്മെ അനുസ്മരിപ്പിക്കുന്നു.
സംഭവം
ഒരിക്കല്‍ കേരളത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഒരു കത്തോലിക്കന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കിടന്നിരുന്നു. അയാളുടെ വധശിക്ഷ നിര്‍വഹിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഒരു വൈദികന്‍ ജയിലില്‍ ചെന്ന് അയാളെ സന്ദര്‍ശിച്ച് മരണത്തിനൊരുങ്ങണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ മറുപടിയായി ഇപ്രകാരം പറഞ്ഞു. ഞാന്‍ ഇത്രയും നാളും കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. ഇപ്രകാരമുള്ള അന്ധവിശ്വാസം ഉപേക്ഷിക്കാത്തപക്ഷം പത്തുകൊല്ലത്തികം കേരളത്തില്‍ കത്തോലിക്കാസഭ ഉണ്ടായിരിക്കുകയില്ല. ദൈവവും മനുഷ്യാത്മാവുമൊന്നുമില്ല. ഞാനതില്‍ വിശ്വസിക്കുമെന്ന് കരുതേണ്ട.
ഭഗ്നാശനായ വൈദികന്‍ തിരിച്ചു പോകുന്നതിനു മുമ്പ് ‘എന്നോടുള്ള സ്നേഹത്തെ പ്രതി ഇത് കഴുത്തില്‍ ധരിക്കുക’ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു ഉത്തരീയം കൊടുത്തു. കൂടാതെ അദ്ദേഹത്തോടുകൂടി ഒരു ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപവും ചൊല്ലണമെന്നാവശ്യപ്പെട്ടു. അത് അയാള്‍ നിര്‍വഹിച്ചു. സന്ധ്യയായപ്പോള്‍ അയാളില്‍ അത്ഭുതകരമായ പരിവര്‍ത്തനം ഉളവായി. അടുത്ത ദിവസം പാപസങ്കീര്‍ത്തനം നിര്‍വഹിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അയാള്‍ തന്നെ വൈദികനെ വരുത്തി പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. അത്ഭുതാവഹമായ പരിവര്‍ത്തനമുളവായി. വളരെ സമാധാനത്തോടും സംതൃപ്തിയോടും കൂടി മരണത്തെ അഭിമുഖീകരിച്ചു.
പ്രാര്‍ത്ഥന
ദൈവമാതാവേ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍ വച്ചു കാണാതെ പോയപ്പോള്‍ അവിടുന്ന്‍ അപാരമായ ദുഃഖം അനുഭവിച്ചുവല്ലോ. പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന്‍ പരിഹാരമനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു ഈശോയെ ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. മാതാവേ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നയിക്കുന്നതാണ്.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ.