ലൂക്ക 5 1-13 വരെ വായിക്കുമ്പോള്‍ മൂന്നുതരം ആളുകളെ കാണുന്നു. ഈശോ വചനം പ്രസംഗിക്കാന്‍ വരുമ്പോള്‍ ജനക്കൂട്ടം വചനം കേട്ടിട്ട് തിരികെപോകുന്നു. രണ്ടാമത്തെ ഗ്രൂപ്പുണ്ട് മീന്‍പിടുത്തക്കാര്‍. അവര്‍ ഈശോയുടെ വചനം കേള്‍ക്കുന്നു. അവര്‍ക്ക് സമൃദ്ധമായ മീന്‍ കിട്ടുന്നു. മത്സ്യവുമായി അവര്‍ തിരിക പോകുന്നു. മൂന്നാമത്തെ കൂട്ടര്‍ അത് ഈശോയെ അനുഗമിച്ച മൂന്നുശിഷ്യന്മാരാണ്. പത്രോസും യോഹന്നാനും യാക്കോബും.
അവര്‍ ഈശോയുടെ വചനം കേട്ടിട്ട് സ്വന്തം അനുഗ്രഹം ഉറപ്പാക്കി പോകുകയല്ല ചെയ്തത്. മറിച്ച് അവര്‍ ഈശോയെ അനുഗമിക്കാന്‍ തയ്യാറായി. ഇതുപോലെ ഈശോയെ അനുഗമിക്കാന്‍ തയ്യാറാകുന്ന ഒരു സമൂഹത്തിലൂടെ യുകെയിലെ സുവിശേഷവല്‍ക്കരണം നമുക്ക് ഊര്‍ജ്ജിതമാക്കാന്‍ കഴിയും. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന ഒറ്റ വാചകമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. എന്റെ ജീവിതത്തിലും അത്തരമൊരു വചനമാണ് മാറ്റമുണ്ടാക്കിയത്. എനിക്കും അത്തരമൊരു വിളികിട്ടി.
ദൈവകൃപയാല്‍ ഇന്ന് കുട്ടികളുടെ ശുശ്രൂഷയില്‍ നിന്ന് മറ്റ് പല ശുശ്രൂഷകളിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം കിട്ടി.
മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നാം കാണുന്നത് സഭയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ ആദ്യം പോകുകയും പിന്നീട് വിശ്വാസികള്‍ പോകുകയും ചെയ്യുന്നതാണ്. എന്നാല്‍ യുകെയെ സംബന്ധിച്ചിടത്തോളം വിശ്വാസികള്‍ ആദ്യം പോകുന്നു. തുടര്‍ന്ന് സഭാധികാരികള്‍ പോയി സഭയെ പടുത്തുയര്‍ത്തുന്നു. യുകെയെ ഈശോയ്ക്ക് വേണ്ടി നേടാന്‍ നാം ഒരുമിച്ചുനില്ക്കണം. 2 കൊറീന്തോ 11: 28 ല്‍ നാം ഇങ്ങനെ വായിക്കുന്നു സകല സഭകളെക്കുറിച്ചുമുള്ള ഉത്കണ്ഠ എന്നെ അലട്ടിക്കൊണ്ടിരുന്നു. മത്തായി 9:19 ല്‍ വായിക്കുന്നു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശുവിന് അവരുടെ മേല്‍ അനുകമ്പ തോന്നി.
നാം ദൈവകൃപയില്‍ നിറയുമ്പോള്‍ ,യുകെയിലെ ജനങ്ങളെ സ്വന്തമായി സ്വീകരിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവം നമുക്ക് യുകെയെ ഈശോയ്ക്ക് വേണ്ടി നേടാനുള്ള ദര്‍ശനം നല്കും. ആ ദര്‍ശനത്തില്‍ നിന്ന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന ദൗത്യം വെളിപ്പെടുത്തിത്തരും. ആ ദൗത്യത്തിന്റെ വെളിച്ചത്തില്‍ അത് ചെയ്യാനുളള ആളുകള്‍ക്ക് പരിശീലനം കൊടുത്ത്, മിഷനറിമാരാക്കി സമൂഹത്തിലേക്ക് അയ്ക്കുമ്പോള്‍ തീര്‍ച്ചയായും വരുംനാളുകളില്‍ സഭയെ പണിതുയര്‍ത്താന്‍ ദൈവം ഇടനല്കും.
അതിന് രണ്ടുരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. ഒന്ന്: റി ഇവാഞ്ചലൈസേഷന്‍. സഭയിലേക്ക് വന്ന വിശ്വാസികളെ വിശുദ്ധീകരിക്കാനുള്ള ശുശ്രൂഷകള്‍. രണ്ട:് ന്യൂ ഇവാഞ്ചലൈസേഷന്‍. അതായത് വിജാതീയര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍.
ഇത് രണ്ടും ഒരുപോലെ നടക്കേണ്ടതാണ്. രണ്ടും ഒരുപോലെ നടക്കണമെങ്കില്‍ നമുക്ക് നല്ല മിഷനറിമാരെ കിട്ടണം.2033 സഭയിലെ മഹാജൂബിലി വര്‍ഷമാണ്. അപ്പോഴേയ്ക്കും യുകെ.യെ ഈശോയ്ക്ക് വേണ്ടി സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാം പ്രാര്‍ത്ഥിച്ചുതുടങ്ങിയാല്‍ ദൈവം കൃത്യമായ രീതിയില്‍ നമുക്ക് വെളിപെടുത്തിത്തരും.
അപ്പോള്‍ അതനുസരിച്ച് പരിശീലനം കൊടുത്താല്‍ ഈ സ്വപ്‌നം 2033 ആകുമ്പോഴേയ്ക്കും യുകെയെ ഈശോയ്ക്ക് വേണ്ടി സ്വന്തമാക്കാന്‍ നമുക്ക് കഴിയും. പ്രാദേശികമായി ഇതിന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സഹായിക്കാന്‍ സാധിക്കും. എന്നാല്‍ യുകെയിലുള്ള വ്യക്തികളെ, കമ്മ്യൂണിറ്റികളെ നേടണമെങ്കില്‍ അനോയിറ്റിംങ് പ്രയര്‍ കാത്തലിക് മിനിസ്ട്രികള്‍ പോലെയുള്ളവ യുകെയില്‍ തന്നെ രൂപമെടുക്കേണ്ടിയിരിക്കുന്നു.
ഈ രണ്ടു ദര്‍ശനങ്ങളോടുകൂടി നാം പ്രാര്‍ത്ഥിച്ചാല്‍ ദൈവം തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ അഭിഷേകം നമുക്ക് തരും. മത്തായിയുടെ സുവിശേഷം 9 37-38 ല്‍ പറഞ്ഞിരിക്കുന്നതുപോലെ -വിളവധികം വേലക്കാരോ ചുരുക്കം. അതുകൊണ്ട് തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയ്ക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍- എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.
സഭാമക്കളെ എല്ലാം നന്നാക്കിയിട്ട് മറ്റ് കമ്മ്യൂണിറ്റിയിലേക്ക് പോകാം എന്ന് നാം വിചാരിക്കരുത്. അങ്ങനെ കുതിക്കാന്‍ നമുക്ക് കഴിയില്ല. ഒറ്റവീലുള്ള സൈക്കിളില്‍ അഭ്യാസം കാണിക്കാന്‍ കഴിയും. പക്ഷേ ഒരിടത്തും എത്തിച്ചേരാന്‍ കഴിയില്ല.. എന്നാല്‍ രണ്ടുവീലുള്ള സൈക്കിളില്‍ യാത്ര ചെയ്താല്‍ ലോകം മുഴുവന്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. അതുകൊണ്ട് റീഇവാഞ്ചലൈസേഷനും ന്യൂ ഇവാഞ്ചലൈസേഷനും നമുക്ക് ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയണം.
( സുവിശേഷത്തിന്റെ സന്തോഷം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)