ജെറമിയായെ ദൈവം തിരഞ്ഞെടുക്കുകയാണ് ചെയ്തത്്.. പിഴുതെറിയാന്‍, ഇടിച്ചുനിരത്താന്‍, നട്ടുവളര്‍ത്താന്‍…അതിനെല്ലാം ആയിട്ടാണ് ദൈവം ജെറമിയായെ തിരഞ്ഞെടുത്തത്.
ഞാന്‍ അയ്ക്കുന്നിടത്തേക്ക് നീ പോകുക, ഞാന്‍പറയുന്നത് നീ പറയുക. അഭിഷേകം ചെയ്ത് ശക്തനായിട്ട് ദൈവം അയ്ക്കുകയാണ് ജെറമിയ പ്രവാചകനെ. പക്ഷേ എന്നിട്ടും ഈ പ്രവാചകന് ഒരുപാട് സഹിക്കേണ്ടിവന്നിട്ടുണ്ട്. പുരോഹിതന്മാര്‍ക്ക് എതിരെ പറഞ്ഞ പ്രവചനങ്ങളുടെ പേരില്‍ എല്ലാം ജെറമിയായ്ക്ക് ഒരുപാട് സഹിക്കേണ്ടിവരുന്നു. ജെറമിയ 20 ാം അധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. പ്രധാനമേല്‍വിചാരിപ്പുകാരനായ ബാഷൂല്‍ ഒരു പുരോഹിതനാണ്. പ്രവചനം കേട്ടിട്ട് ഈ പുരോഹിതന്‍ ജെറമിയായെ കെട്ടിയിട്ട് അടിച്ചു. ഈ പ്രവാചകന് ഒരുപാട് സങ്കടങ്ങളുണ്ടായി.
ആര് കര്‍ത്താവിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നുവോ അവന് സഹനങ്ങളും അപമാനങ്ങളും തിക്താനുഭവങ്ങളും ഉണ്ടാകും. ഞാന്‍ ആദ്യമായി സുവിശേഷപ്രസംഗം കേട്ടത് ഇരുപത്തിയഞ്ചാം വയസിലാണ്. അതെന്റെ ജീവിതത്തെ ആഴമായി സ്വാധീനിച്ചു. ആഴമായ മാനസാന്തരത്തിന് കാരണമായി. ഒരു നാടകപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുകാരനുമൊക്കെയായിരുന്ന ഞാന്‍ എന്റെ ജീവിതം അതോടെ കര്‍ത്താവിനായി വിട്ടുകൊടുത്തു. സുവിശേഷത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചു.
ആദ്യകാലത്ത് അതിന്‌റെ പേരില്‍ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും ഏല്‍ക്കേണ്ടിവന്നു. ശക്തനായ ഒരു സുവിശേഷകനായി പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ ഏറ്റവും ശക്തമായ കാരണം നിരന്തരമായ പ്രാര്‍ത്ഥനാജീവിതമാണ്. പ്രാര്‍ത്ഥനയ്ക്ക് എനിക്ക് മടുപ്പില്ല. ദൈവസന്നിധിയില്‍ രാവുംപകലും വ്യത്യാസമില്ലാതെ, മടുപ്പില്ലാതെ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും. എപ്പോഴൊക്കെ പ്രാര്‍ത്ഥിക്കണമെന്ന് എനിക്ക് തോന്നുന്നുവോ അപ്പോഴെല്ലാം ഞാന്‍ പ്രാര്‍ത്ഥിക്കും. ആഴമായ പ്രാര്‍ത്ഥനാജീവിതം..
സഹനങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തുവന്നാലും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്.വിശുദ്ധിക്ക് വേണ്ടി എന്തുമാത്രംവില കൊടുക്കാമോ അതിന് വേണ്ടി വിലകൊടുക്കാനും ഞാന്‍ തയ്യാറാണ്. ഇങ്ങനെയുളള യാത്രയില്‍ എനിക്കുറപ്പിച്ചുപറയാന്‍ കഴിയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് കഴിഞ്ഞ 33 വര്‍ഷമായി എന്നെ നയിച്ചുകൊണ്ടിരിക്കുന്നു.
ഓരോ ധ്യാനങ്ങളിലും കണ്‍വന്‍ഷനുകളിലും ആയിരക്കണക്കിന് വിജാതീയര്‍ പങ്കെടുത്തിട്ടുണ്ട്. സൗഖ്യംപ്രാപിച്ചിട്ടുണ്ട്. നിങ്ങള്‍ പോയി പ്രസംഗിക്കുക, രോഗികളെ സൗഖ്യപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക. വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന ഇക്കാര്യം തന്നെയാണ് ഇന്നും നടപ്പിലാക്കപ്പെടേണ്ടത്. നമ്മുടെ ചിന്തയ്ക്ക് അപ്പുറമായി ഒരു സുവിശേഷപ്രവര്‍ത്തകനെ ദൈവത്തിന് ഉപയോഗിക്കാന്‍ സാധിക്കും. പൂര്‍ണ്ണമായ ഒരു വിട്ടുകൊടുക്കല്‍ അതിന് ആവശ്യമുണ്ട്.
ജീവിതത്തിലെ ഏത് അവസ്ഥയിലും കര്‍ത്താവിനെപ്രഘോഷിക്കാന്‍, കര്‍ത്താവിന് വേണ്ടി നില്ക്കുവാന്‍ നമുക്ക് സാധിക്കണം. ഏറ്റവും അധികം നാം ആഗ്രഹിച്ചുപ്രാര്‍ത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടിയാണ്. ആത്മാവിന്റെ ശക്തിയുണ്ടെങ്കിലേ, ആത്മാവ് നയിച്ചെങ്കില്‍ മാത്രമേ നമുക്ക് നന്നായിട്ട്പ്രാര്‍ത്ഥിക്കാന്‍ സാധിക്കൂ. സഹിക്കാന്‍ സാധിക്കൂ. വിശുദ്ധിക്കുവേണ്ടി ആഗ്രഹിക്കാന്‍ സാധിക്കൂ. പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കൂ.. ഇതിന് സാധിക്കണമെങ്കില്‍ ദൈവത്തിന്റെ ആത്മാവ് നമ്മുടെയുള്ളില്‍ ശക്തമായി ജ്വലിക്കേണ്ടിയിരിക്കുന്നു. ശക്തമായി ദൈവത്തിന്റെ ആത്മാവ് നമ്മെ നയിച്ചുകൊണ്ടിരിക്കേണ്ടിയിരിക്കുന്നു.
എന്റെ 33 വര്‍ഷത്തെ സുവിശേഷവേലയില്‍ എനിക്ക് ശക്തമായി പറയാന്‍ കഴിയുന്നത് ഇതാണ്. ഓരോ സുവിശേഷകനും ഈ ദൗത്യം ഏറ്റെടുക്കണം. പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക.. ദൈവത്തോട് ചേര്‍ന്നിരിക്കുക, സഹനങ്ങള്‍ക്ക് നന്ദി പറയുക, വിശുദ്ധിക്കുവേണ്ടി പ്രയത്‌നിക്കുക ശക്തമായി ദൈവം നമ്മെ വിനിയോഗിക്കും.
ദൈവത്തിന്റെ ആത്മാവാണ് സുവിശേഷവേല ചെയ്യുന്നത്. ദൈവത്തിന്റെ ആത്മാവ് പ്രവര്‍ത്തിച്ചെങ്കിലേ വ്യക്തികള്‍ക്ക് മാനസാന്തരം ഉണ്ടാവുകയുള്ളൂ. നമ്മുടെ ബുദ്ധിയോ ശക്തിയോ കഴിവോ പ്രായോഗിക അറിവോ ആരെയും മാനസാന്തരപ്പെടുത്തുകയില്ല. പരിശുദ്ധാത്മാവാണ് വ്യക്തികളെ മാനസാന്തരപ്പെടുത്തുന്നത്. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നത്.
വൈക്കോലില്‍ തീയെന്നതുപോലെ സുവിശേഷപ്രഘോഷകന്‍ കത്തിപ്പടരണം. വിശ്വാസികള്‍ ആത്മാവിനാല്‍ നിറഞ്ഞ് കത്തിപ്പടരേണ്ട കാലമായിരിക്കുന്നു. ദേശങ്ങളും രാജ്യങ്ങളും ഭൂഖണ്ഡങ്ങളും ചലിക്കേണ്ട ദൈവാത്മാവിന്റെ ശക്തി നമ്മുടെ മേല്‍ ഇറങ്ങേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്.
ഗ്രേറ്റ് ബ്രിട്ടനില്‍ ഒരു പുതിയപന്തക്കുസ്ത ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ദേശത്ത് ശക്തനായ സുവിശേഷകന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടിയിരിക്കുന്നു. കര്‍ത്താവിന്റെ ആത്മാവിന്റെ അഭിഷേകത്തിന് വേണ്ടി ദാഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ജീവിതം ദൈവകരങ്ങളിലേക്ക് വിട്ടുകൊടുക്കാം.
നമുക്കും അവനോടുകൂടെ മരിക്കാന്‍ പോകാം എന്ന് പറഞ്ഞ തോമാശ്ശീഹായുടേതുപോലെ നമുക്കും അവനോടുകൂടെ മരിക്കാം. ഇതാണ് സുവിശേഷവേല.അവന്റെ കൂടെ നടന്ന്, അവനു വേണ്ടി വേല ചെയ്ത് അവനുവേണ്ടിമരിക്കുന്നജീവിതം,,അവനോടുകൂടി ഒന്നായിത്തീരുന്ന ജീവിതം ഇതിനായി ക്രിസ്തു ഓരോ വിശ്വാസിയെയും വിളിക്കുന്നു.
( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ സന്ദേശത്തില്‍ നിന്ന്)