Saturday, February 15, 2025
spot_img
More

    കഠിന ഹൃദയമുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം, ഈ വചനത്തിന്റെ ശക്തിയാല്‍ നമുക്ക് അത്ഭുതം കാണാം

    ഹൃദയം കഠിനമാകുന്നത് എന്തുകൊണ്ടാണ്? ചിലപ്പോഴെങ്കിലും അങ്ങനെയൊരു ചിന്ത തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് മറ്റുള്ളവരെക്കുറിച്ച്. ഓ അവനെന്തു കഠിനഹൃദയനാ.. ഇങ്ങനെയൊരു പ്രസ്താവന ചിലരെക്കുറിച്ചെങ്കിലും നാം പറഞ്ഞുപോയിട്ടുണ്ട്. സ്‌നേഹം കാണിച്ചിട്ടും തിരികെ സ്‌നേഹിക്കപ്പെടാതെ പോകുമ്പോഴോ കരുണ യാചിച്ചിട്ടും കരുണ ഇല്ലാതെവരുമ്പോഴോ മനസ്സിലാക്കപ്പെടാതെ പോകുമ്പോഴോ അനുകമ്പാപൂര്‍വ്വമായ ഇടപെടലുകള്‍ കിട്ടാതെ വരുമ്പോഴോ എല്ലാം നാം ഇങ്ങനെ വിലപിച്ചിട്ടുണ്ട്.

    ഇനി ഇതിന് വേറൊരു വശം കൂടിയുണ്ട്. ദൈവത്തിന് മറുതലിച്ചു നില്ക്കുന്നചിലരുണ്ട്. അവരുടെ ഹൃദയം ദൈവത്തില്‍ നിന്നും ദൈവികനിയമങ്ങളില്‍ നിന്നും പുറംതിരിഞ്ഞുനില്ക്കുന്നവരാണ്. ദൈവത്തെ അവര്‍ നിഷേധിക്കുന്നു. മദ്യപാനാസക്തിയിലും വ്യഭിചാരവഴികളിലും ചൂതാട്ടത്തിലുമൊക്കെ ജീവിക്കുന്നവരാകാം അവര്‍. തെറ്റായ വഴിയിലൂടെ ചരിക്കുന്നവര്‍. അവരുടെ പ്രിയപ്പെട്ടവര്‍ ഒരുപക്ഷേ എത്രയോ കാലമായി അതിന്റെ പേരില്‍ വേദന തിന്നുന്നുണ്ടാവാം. പ്രാര്‍ത്ഥിക്കുന്നുണ്ടാവാം.

    മറ്റൊരു കൂട്ടരെ കൂടി പരാമര്‍ശിക്കാം. അത് നാം തന്നെയാണ്. ചിലപ്പോഴെങ്കിലും നമ്മുടെ ഹൃദയവും കഠിനമായിപോകാറില്ലേ. വാശിയിലും വിദ്വേഷത്തിലും വെറുപ്പിലും പുകഞ്ഞ് ക്ഷമിക്കാന്‍ കഴിയാതെപോകുന്ന അവസ്ഥകള്‍ ഉണ്ടാകാറില്ലേ. കടം ചോദിച്ചവരോട് കൈമലര്‍ത്തിക്കാണിച്ച സംഭവങ്ങള്‍. ജോലിക്ക് അര്‍ഹമായ കൂലി കൊടുക്കാത്തത്.. സഹായം അര്‍ഹിക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും സഹായിക്കാതെ പോകുന്നത്…കീഴുദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം നല്കി ജോലിയെടുപ്പിക്കുന്നത്.. ഇങ്ങനെ എത്രയോ സംഭവങ്ങള്‍. അപ്പോള്‍ നമുക്കും ഒരു മാറ്റം ആവശ്യമാണ്. ഹൃദയപരിവര്‍ത്തനം അത്യാവശ്യമാണ്.

    ഇത്തരക്കാരെല്ലാം പറഞ്ഞുപ്രാര്‍ത്ഥിക്കേണ്ട ഒരു വചനമാണ് ചുവടെ ചേര്‍ക്കുന്നത്. നമുക്ക് ആ വചനം ഏറ്റുപറയാം. ആദ്യം നമുക്ക് നമ്മുടെ തന്നെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്താം. അതിന് ശേഷം മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം.:

    ഒരു പുതിയ ഹൃദയം നിങ്ങള്‍ക്ക് ഞാന്‍ നല്കും. ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്പനകള്‍ പാലിക്കുന്നവരുംനിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്ര്ദ്ധയുളളവരുമാക്കും. ( എസെക്കിയേല്‍ 36 : 26-27)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!