യേശുവിനെ വ്യക്തിപരമായി അനുഭവിക്കുന്ന നിമിഷം എന്റെ ജീവിതത്തില്‍ ആരംഭിച്ചത് 33 വര്‍ഷം മുമ്പാണ്. എന്റെ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം അതോടെ ലഭിക്കുകയായിരുന്നു. എന്റെ ആദ്യ മകന്‍ മരിച്ചുപോയ സമയമായിരുന്നു അത്. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. യേശു തരുന്ന സമാധാനം ആഴത്തിലുള്ളതാണ്. ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ അത് മനസ്സിലാക്കിയിട്ടുണ്ട്.
ഏകദേശം ഇരുപത് വര്‍ഷം മുമ്പ് കരിയര്‍ വേണ്ടെന്ന് വച്ച് ഒരു ഫുള്‍ടൈം മിഷനിലേക്ക് പ്രവേശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈശോയെന്നെ വിളിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു. അങ്ങനെ ഇറങ്ങിത്തിരിക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ഒരേയൊരു ഉറപ്പ് ഇതായിരുന്നു. എന്റെ ജീവിതത്തില്‍ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അനുഭവിച്ച ആനന്ദം അവന്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ നിന്ന് എടുത്തുമാറ്റുകയില്ല.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന കാര്യവും അതുതന്നെയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനുകൂല്യം യേശുവിനെ വ്യക്തിപരമായി കണ്ടെത്താനായിട്ടും അവനോടൊപ്പം ജീവിക്കാനായിട്ടും അവന്‍ നല്കുന്ന വിളിക്ക് പ്രത്യുത്തരിക്കാനായിട്ടും എനിക്ക് കഴിഞ്ഞ ഭാഗ്യമാണ്. നന്ദി നിറഞ്ഞ സ്മരണയില്‍ നിന്നാണ് സുവിശേഷത്തിന്റെ ആനന്ദം ആരംഭിക്കുന്നത്.
ക്രിസ്തുവിനെ ഭയരഹിതമായി പ്രഘോഷിക്കാനും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ധൈര്യപൂര്‍വ്വം പ്രയോജനപ്പെടുത്താനും വിശ്വാസം ജീവിക്കാനുമായുള്ള സമയം വന്നെത്തിക്കഴിഞ്ഞു. നമുക്ക് ഈ കാലഘട്ടത്തില്‍ കര്‍ത്താവിനെ ആഴത്തില്‍ അനുഭവിച്ചറിയാനുളള ദാഹമുണ്ടായിരിക്കണം. ദൈവത്തോടും മനുഷ്യരോടുമുള്ള കൂടുതല്‍ ്‌സനേഹം ഉണ്ടായിരിക്കണം. കൂടുതല്‍ ശക്തിയും അഭിഷേകവും ആനന്ദവും വേണം. നഷ്ടപ്പെട്ടവരെക്കുറിച്ച് കര്‍ത്താവിനെ പ്രതി കൂടുതല്‍ ആത്മഭാരം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ആവശ്യങ്ങളെപ്രതിയുള്ള ദൈവികവെളിപെടുത്തല്‍, പാപങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ബോധ്യം, പ്രാര്‍ത്ഥനയെക്കുറിച്ചുള്ള കൂടുതല്‍ വിശ്വാസം, കൂടുതല്‍പരിവര്‍ത്തനങ്ങള്‍, കൂടുതല്‍ സൗഖ്യങ്ങള്‍.. വിമോചനങ്ങള്‍..ഇവയെല്ലാം നമുക്കിടയില്‍ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.
കൂടുതല്‍ പ്രാര്‍ത്ഥിക്കാനും സഹയാത്ര നടത്താനും പങ്കുവയ്ക്കാനും പഠിക്കാനും അവബോധത്തോടെ ജീവിക്കാനും നമുക്ക് സാധിക്കണം. അനന്തമായ വിസ്മയപ്രവൃത്തികള്‍ നമ്മള്‍ കാണുമെന്ന പൂര്‍ണ്ണമായ വിശ്വാസത്തോടെ നമുക്ക് മുന്നേറാം.
( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)