Thursday, December 5, 2024
spot_img
More

    നിലം അറിഞ്ഞു വിത്തിറക്കുന്നവർ


    “ആ കാര്യസ്ഥൻ ആത്‌മഗതം ചെയ്തു: യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തുകളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്ത് ചെയ്യണമെന്ന് എനിക്കറിയാം.” (ലൂക്കാ 16:4)

    ഭാവിഭാരതത്തിന്‍റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു സുപ്രധാന തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. നാടും നഗരവും ഇളക്കിനടത്തപ്പെട്ട ഈ ജനവിധിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും ബി. ജെ. പി. സർക്കാർ ഇന്ത്യയുടെ ഭരണം കയ്യാളാൻ തീരുമാനമായി. വികസനത്തിന്റെ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് മറ്റു ലോകരാഷ്ട്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടന്ന ഈ ജനവിധി ലോകശ്രദ്ധയാകർഷിച്ചത് പല കാരണങ്ങളാലാണ്: വരും നാളുകളിലെ ഇൻഡ്യയുടെ ഭാവിവികസന പദ്ധതികൾക്ക് മറ്റു രാഷ്ട്രങ്ങളുടെ മേലുള്ള സ്വാധീനം, മത്സരിച്ച പ്രഗത്ഭർ, വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ, ജനമധ്യത്തിൽ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങൾ, പ്രചാരണപരിപാടികൾ…അങ്ങനെ പലതും. 

    തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേയ്‌ക്കെത്തിക്കാൻ എല്ലാ  രാഷ്ട്രീയപാർട്ടികളുടെയും പ്രധാന ആയുധം പ്രചാരണ പരിപാടികളും അവ സംഘടിപ്പിച്ച രീതികളുമായിരുന്നു. എല്ലാവരും പതിവുപോലെ അവരവരുടെ വാദങ്ങളും വാഗ്ദാനങ്ങളും അടങ്ങിയ പ്രചാരണരീതികൾ അവലംബിച്ചെങ്കിലും ഓരോ പാർട്ടികളും അവ അവതരിപ്പിച്ച രീതികൾ വ്യത്യസ്തമായിരുന്നു.  ഇന്ത്യയുടെ ഇപ്പോഴത്തെ സാമൂഹികപരിസരം  തങ്ങളുടെ ആശയപ്രചാരണങ്ങൾക്കനുകൂലമായ സാഹചര്യമാക്കി മാറ്റിയെടുത്തവരാണ് അന്തിമവിജയം കണ്ടത്. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയുടെ രാഷ്ട്രീയ, ദേശീയ, മത, ചിന്താ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കി, അതിനനുസരിച്ചു നടത്തിയ പ്രചാരണതന്ത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് തങ്ങൾക്കനുകൂലമാക്കിയെടുക്കുന്നതിൽ വിജയിച്ചവരാണ് തിരഞ്ഞെടുപ്പ് യുദ്ധത്തിൽ  ജേതാക്കളായത്. 

    തങ്ങൾക്കെതിരെ വരാൻ സാധ്യതയുള്ള വലിയ പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് ഇക്കൂട്ടർ പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും മനസ്സും ചിന്തകളും, തങ്ങൾ മെനഞ്ഞെടുത്ത വഴികളിലേക്ക് സമർത്ഥമായി തിരിച്ചുവിട്ടു. രാജ്യത്തിന്റെ ‘കാവൽക്കാരനാ’യി സ്വയം അവരോധിച്ച പദപ്രയോഗം മുതൽ, വൻ ജനപങ്കാളിത്തത്തോടെ നടത്തിയ പ്രചാരണ യാത്രകളും ആദ്യ ഡിജിറ്റൽ കാമറയും മേഘസിദ്ധാന്തവും ഗുഹാധ്യാനവും വരെ, എല്ലാം മനഃപൂർവം സമർത്ഥമായി സൃഷ്ടിച്ചെടുത്ത പുകമറകളാണെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഭരണപരാജയത്തിന്റെ പിന്നാമ്പുറങ്ങൾ ആരും തേടിപ്പോകാതിരിക്കാൻ ഇന്ത്യൻ ജനതയുടെ മനസ്സിനെ ഇത്തരം ഗിമ്മിക്കുകളിൽ സമർത്ഥമായി തളച്ചിടാൻ ഇവർക്ക് സാധിച്ചെന്നു ചിലർ വാദിക്കുന്നു. നിലമറിഞ്ഞു വിത്തിറക്കിയവർ ഫലവും കൊയ്‌തു. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ കഴമ്പുണ്ടായിരുന്നങ്കിലും അവ ജനമനസ്സുകളെ സ്വാധീനിക്കാൻ പോന്നരീതിയിൽ അവതരിപ്പിക്കുന്നതിൽ ഇവർ പരാജയപ്പെട്ടെന്നു അവസാനഫലങ്ങൾ തെളിയിച്ചു. 

    ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘കല’, ‘പരസ്യകല’യാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഉള്ളടക്കം ഏതായാലും ഏതു കാര്യവും മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്ന രീതിക്കാണ് ഇന്ന് പ്രാധാന്യം എന്ന് വന്നിരിക്കുന്നു. ‘ആടിനെ പട്ടിയാക്കുന്ന’ അവതരണശൈലികളിൽ അറിയാതെ ജനം വീണുപോകുന്നു. വിപണിയിൽ ഇന്ന് വിൽക്കപ്പെടുന്ന പല ഉൽപ്പന്നങ്ങളുടെയും പായ്ക്കിങ്ങിന്റെ ആകർഷണീയത അതിന്റെ വിപണനസാധ്യതയെ ഏറെ സ്വാധീനിക്കുന്നതാണന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഓരോന്നും അവതരിപ്പിക്കേണ്ട രീതികൾ പ്രധാനമാണ്. വാങ്ങുന്നവരുടെ മനസ്സിനെ ആകർഷിക്കുന്ന രീതിയിൽ സാധനങ്ങളും സേവനങ്ങളും കമ്പോളത്തിൽ അവതരിപ്പിക്കുക എന്നത് ബിസിനസ് ലോകത്തിലെ അടിസ്ഥാന പാഠങ്ങളിലൊന്നാണ്. അതാണ് ഈ തിരഞ്ഞെടുപ്പിലും നടന്നതെന്ന് ഏറെപ്പേർ ചിന്തിക്കുന്നു. 

    വ്യക്തിജീവിതത്തിലേക്കും ധാർമ്മിക ജീവിതത്തിലേക്കും പടർത്താവുന്ന ഒരു നല്ല മാതൃകയാണിതെന്നു തോന്നുന്നില്ല. എങ്കിലും ഇതിൽ നിന്ന് മനസ്സിലാക്കിയെടുക്കാവുന്ന ഒരു നല്ല സന്ദേശമിതാണ്: സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് വിവേകത്തിന്‍റെയും ബുദ്ധിയുടെയും അടയാളമാണ്. വ്യക്തി-കുടുംബ-സമൂഹ ചുറ്റുപാടുകളിൽ തിന്മയുടെയും ധാർമ്മിക അപകടങ്ങളുടെയും പരിസരങ്ങൾ രൂപപ്പെടുന്നതുകാണുമ്പോൾ, ആ സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം മാറാനുള്ള വിവേകപൂർണമായ തീരുമാനമെടുക്കാനും അത് പ്രാവർത്തികമാക്കാനും സാധിക്കുന്നവരാണ് നല്ല ജീവിതത്തിന്‍റെ സാധാരണത്വത്തിലേക്കു തിരിച്ചു വരുന്നത്. ഈ നാളുകളിൽ വായിച്ച ഉദാത്തമായ ഒരു ചിന്തയിതാണ്: “Yesterday I was intelligent, so I wanted to change the world; but today I am wise, so I changed myself.” ബുദ്ധിമാന്മാർ മറ്റുള്ളവരെ തിരുത്താൻ ഉത്സാഹിക്കുന്നവരും വിവേകികൾ സ്വയം തിരുത്താൻ തയാറാകുന്നവരുമാണ്. മറ്റൊന്നുകൂടി: ‘കടക്കു പുറത്ത്’ , ‘മാറി നിക്ക് അങ്ങോട്ട്’  തുടങ്ങിയ പരുഷ ശൈലികൾക്കും പ്രവർത്തനങ്ങൾക്കും  ജനമനസ്സുകളിൽ സ്ഥാനമുണ്ടാകില്ലന്നും ഈ ജനവിധിയിൽ കണ്ടു. ‘Give respect and take respect’ എന്ന അടിസ്ഥാന പാഠം ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു. 

    ബൈബിളിൽ വി. ലൂക്കായുടെ സുവിശേഷം 16 -ആം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്ന ‘അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ’യിൽ, തന്റെ ജോലിയിലെ കള്ളത്തരം കണ്ടുപിടിക്കപ്പെട്ട് പുറത്താക്കപ്പെടാൻ തുടങ്ങുന്ന കാര്യസ്ഥൻ, ജോലി പോയാലും ബുദ്ധിമുട്ടുകൂടാതെ ജീവിക്കാൻ കണ്ടെത്തുന്ന വളഞ്ഞ വഴികളിലെ ‘ബുദ്ധിയുടെ തന്ത്രത്തെയും സാഹചര്യം മനസ്സിലാക്കി നടത്തിയ ഭാവനാപൂർണ്ണമായ പെരുമാറ്റത്തെയും’ മാതൃകയാക്കാൻ ഈശോ നമ്മോടാവശ്യപ്പെടുന്നു. വക്രബുദ്ധിയിൽ നടത്തിയ പെരുമാറ്റത്തെയല്ല, അതിന്റെ പിന്നിലെ ബുദ്ധിപരമായ നീക്കം നടത്താനെടുത്ത വിവേകത്തെയാണ് ഈശോ പ്രകീർത്തിക്കുന്നത്. യജമാനൻ കാര്യസ്ഥനെ അഭിനന്ദിച്ചതായി സുവിശേഷം പറയുന്നു: “കൗശലപൂർവ്വം പ്രവർത്തിച്ചതിൽ നീതിരഹിതമായ കാര്യസ്ഥനെ യജമാനൻ പ്രകീർത്തിച്ചു. എന്തെന്നാൽ, ഈ യുഗത്തിന്റെ മക്കൾ, തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്.” (ലൂക്കാ 16: 8). 

    നമ്മുടെ കുടുംബങ്ങളിലും, സമൂഹങ്ങളിലും ബുദ്ധിപരമായ, വിവേകത്തോടുകൂടിയ പെരുമാറ്റമാണ് ആവശ്യം. ആലോചിച്, വികാരങ്ങൾക്കടിപ്പെടാതെ സംസാരിക്കുന്നതു മാത്രമല്ല, ചിലപ്പോൾ നമ്മുടെ മറുപടി പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ എന്ന് തിരിച്ചറിഞ്ഞു മൗനം പാലിക്കുന്നത് കൂടുതൽ ഉന്നതമായ വിവേകമാണ്. രാജാവായ പീലാത്തോസിന്റെ മുൻപിൽ നിൽക്കുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഈശോപോലും ഉത്തരം പറഞ്ഞിട്ടില്ല എന്ന് ഓർക്കണം (മത്തായി 26: 63). സാഹചര്യങ്ങൾ മനസ്സിലാക്കി ‘ഒരു മുഴം മുൻപേ എറിയാനും’  അനാവശ്യമായി വന്നു ചേരാവുന്ന ആത്‌മീയ, ധാർമ്മിക അപകടങ്ങളെ കൗശലപൂർവ്വം ഒഴിവാക്കാനും നമുക്കു സാധിക്കട്ടെ. “പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കുമ്പോഴും സർപ്പത്തെപ്പോലെ വിവേകിയായിരിക്കാനും (മത്താ 10: 16) നമുക്ക് ശ്രദ്ധിയ്ക്കാം. ദൈവദാനമായ ബുദ്ധിയും വിവേകവും അതിന്റെ ഉപയോഗങ്ങളും നമ്മുടെയും ലോകത്തിന്റെയും നന്മയ്ക്കും ദൈവമഹത്വത്തിനും കാരണമാകട്ടെ. 

    ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ലോകത്തിൽ ദൈവഹിതം നടപ്പാക്കാൻ പ്രാപ്തരാകുമെന്ന പ്രതീക്ഷയോടെ, കർത്തൃപ്രാർത്ഥനയിലെ വാക്കുകൾ ആവർത്തിക്കുന്നു: “അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.” (മത്തായി 6: 10). സമാധാനപൂർണമായ ഒരു ആഴ്ച ആശംസിക്കുന്നു. 

    സ്നേഹപൂർവ്വം, 

    ഫാ. ബിജു കുന്നയ്ക്കാട്ട്  

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!