വത്തിക്കാന്‍സിറ്റി: ഇന്നലെ നടന്ന പൊതുദര്‍ശന സമ്മേളനം ഏറെ ഹൃദ്യവും വ്യത്യസ്തവുമായിരുന്നു. ജനറല്‍ ഓഡിയന്‍സില്‍ ലിഡിയ മക്സിമോവിസ് എന്ന 80 കാരിയുമുണ്ടായിരുന്നു. പോളണ്ടുകാരിയായ ലിഡിയ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടുവന്ന വ്യക്തിയാണ്. പാപ്പയെ കണ്ടുമുട്ടിയപ്പോള്‍ ലിഡിയ തന്റെ കൈയില്‍ മുദ്രണം ചെയ്തിരിക്കുന്ന നമ്പര്‍ കാണിച്ചു.
70072. ആ നമ്പര്‍ ടാറ്റൂ ചെയ്യപ്പെട്ടതായിരുന്നു. 76 വര്‍ഷം കഴിഞ്ഞിട്ടും അത് മാഞ്ഞുപോയിട്ടുണ്ടായിരുന്നില്ല.
ഔഷവിറ്റ്സില് തടവുകാരിയായി ജീവിച്ചതിന്റെ ഓര്‍മ്മയുടെ അടയാളമായിരുന്നു അത്. ഒരു നിമിഷം ഫ്രാന്‍സിസ് മാര്‍പാപ്പ അതിലേക്ക് നോക്കി നിന്നു. പിന്നെ ആ നമ്പറില്‍ ഉമ്മ വച്ചു.
പലതവണ റോമിലേക്ക് പോകണമെന്നും മാര്‍പാപ്പയെ കാണണമെന്നുമുളള ആഗ്രഹം ഇപ്പോഴാണ് സാധിച്ചതെന്ന് ലിഡിയ പറഞ്ഞു. കോവിഡ് ആയിരുന്നു ഈ ആഗ്രഹം നീണ്ടുപോകാന്‍ കാരണം. ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ലിഡിയ പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന് ശേഷം ഞാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്നേഹിക്കുന്നു. ടിവിയിലെ എല്ലാ പരിപാടികളും ഞാന്‍ കാണാറുണ്ട്. എല്ലാ ദിവസവും പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ലിഡിയ പറയുന്നു.