കൊച്ചി: ലോക് ഡൗണില്‍ ക്രമാനുഗതമായി വരുത്തുന്ന ഇളവുകളില്‍ ദേവാലയങ്ങളിലെ കര്‍മ്മങ്ങള്‍ നിശ്ചിത ജനപങ്കാളിത്തത്തോടെയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചും നടത്തുന്നതിനുളള അനുവാദവും ഉള്‍പ്പെടുത്തണമെന്ന് കെസിബിസി വര്‍ഷകാല സമ്മേളനം അഭ്യര്‍ത്ഥിച്ചു.
വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാക്‌സിനേഷന് സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിന് മുമ്പ് ആശങ്കകള്‍ ദുരീകരിക്കണം. എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കണ്ട് അര്‍ഹമായ അവകാശങ്ങള്‍ നല്കുന്നതിന് നടപടി സ്വീകരിക്കണം,. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരും സന്നദ്ധപ്രവര്‍ത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമര്‍പ്പിത സമൂഹങ്ങളും വിവിധ ഏജന്‍സികളും ചെയ്തുവരുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സമ്മേളനം സംതൃപ്തി രേഖപ്പെടുത്തി.
മലയോര മേഖലകളെ സാരമായി ബാധിക്കുന്ന 1964 ലെയും 1993 ലെയും ഭൂപതിവു ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ മൂന്നു ദിവസങ്ങളിലായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് സമ്മേളനം നടന്നത്.