കാലിഫോര്‍ണിയ: കുമ്പസാര രഹസ്യങ്ങള്‍ കത്തോലിക്കാ പുരോഹിതര്‍ വെളിപ്പെടുത്തണമെന്ന ബില്‍ സ്റ്റേറ്റ് സെനറ്റ് പാസാക്കി. 30-2 എന്ന രീതിയില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
ഈ വോട്ടെടുപ്പ് തന്നെ നിരാശപ്പെടുത്തിയെന്ന് ലോസ് ഏഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് എച്ച് ഗോമസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വിവരം കുമ്പസാരത്തിലൂടെ അറിഞ്ഞാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാണ് ഈ പുതിയ നിയമപരിഷ്‌ക്കരണത്തിലൂടെ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
ഒരു പുരോഹിതനും ഈ നിയമം ബഹുമാനിക്കുമെന്ന് തോന്നുന്നില്ല. അനീതി പരമായ നിയമത്തെ അംഗീകരിക്കാന്‍ കത്തോലിക്കര്‍ ബാധ്യസ്ഥരല്ല. ഇത് അത്തരമൊരു നിയമമാണ്. ആര്‍ച്ച് ബിഷപ് ജോസ് എച്ച് ഗോമസ് പറഞ്ഞു.
വിശുദ്ധ കുമ്പസാരം പവിത്രമായ ഒരു കൂദാശയാണ്. പശ്ചാത്തപിക്കുന്ന വ്യക്തിയും ദൈവവും തമ്മിലുള്ള ആശയവിനിമയമാണ് കുമ്പസാരത്തിലൂടെ നടക്കുന്നത്. കുമ്പസാരരഹസ്യങ്ങള്‍ ഏത് സാഹചര്യത്തിലും ഒരു കത്തോലിക്കാ വൈദികന് വെളിപ്പെടുത്താന്‍ അധികാരമില്ല. കുമ്പസാര രഹസ്യങ്ങള്‍ വെളിപെടുത്താത്തതിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്ന വിശുദ്ധാത്മാക്കള്‍ പോലുമുണ്ട് സഭയില്‍. ഒരു വൈദികന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമ്പോള്‍ അദ്ദേഹം സ്വമേധയാ എക്‌സ് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.