Friday, October 24, 2025
spot_img
More

    പ്രാര്‍ത്ഥനാ മുറികളില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം വെളിപ്പെട്ടുകിട്ടുന്നു: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    കണ്ടു എന്ന് ബൈബിളില്‍ ആവര്‍ത്തിച്ചു പറയുന്ന വാക്ക് ദൈവവിളിയുമായി ബന്ധപ്പെട്ടാണ് നാം കാണേണ്ടത്. ദൈവവിളിയുമായി ബന്ധപ്പെട്ട് ദൈവം നമ്മെ വിളിക്കുന്നത് അബദ്ധത്തിലല്ല. ദൈവം ഒരാള്‍ക്ക് നിയോഗം തരുന്നുണ്ടെങ്കില്‍ അത് ദൈവം ശരിക്കും കണ്ടിട്ടു തന്നെയാണ്.

    പത്തുപതിനാറ് വയസുള്ള ഒരു പയ്യന്‍ വൈദികനാകാന്‍ തീരുമാനിക്കുമ്പോള്‍ ദൈവം കാണുന്നത് എന്താണ്? നാം ഒരു വ്യക്തിയെ കാണുന്നത് ബാഹ്യമായിട്ടാണ്. ബാഹ്യരൂപമാണ് കാണുന്നത്. ആ വ്യക്തി എന്താണോ അതാണ് കാണുന്നത്.
    എന്നാല്‍ ദൈവം കാണുന്നത് അങ്ങനെയല്ല. ദൈവം ഒരു വ്യക്തിയെ കാണുന്നത് ആ വ്യക്തി എന്തായിരിക്കുന്നുവോ അങ്ങനെയല്ല മറിച്ച് ആ വ്യക്തിയെ എന്താക്കാം എന്നാണ്. . നമ്മുടെ വര്‍ത്തമാനകാലമല്ല ഭാവികാലമാണ് ദൈവം കാണുന്നത്.
    നമ്മള്‍ എന്ത് ആകും? ശിമയോനെയല്ല ദൈവം കണ്ടത് വത്തിക്കാന്‍ കുന്നില്‍ തലകീഴായി വധിക്കപ്പെടുന്ന പത്രോസിനെയാണ്. സാവൂളിനെയല്ല ദൈവം കണ്ടത് പൗലോസിനെയാണ് യൂഗോസ്ലാവാക്യക്കാരി ആഗ്നസിനെയല്ല ദൈവം കണ്ടത് ഭാവിയിലെ മദര്‍ തെരേസയെയാണ്.

    എന്താണ് എന്നല്ല, എന്ത് ആക്കാം.ഇതാണ് ദൈവത്തിന്റെ കാണലും നമ്മുടെ കാണലും തമ്മിലുള്ള വ്യത്യാസം. നാം ഉദ്ദേശിക്കുന്നതിനപ്പുറം ഒരു പരിവര്‍ത്തനം നമ്മില്‍ വരുത്താന്‍ കഴിയും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിളിക്കപ്പെട്ടവരുടെ മനസ്സിലെല്ലാം ഇങ്ങനെയൊരു വിചാരം ഉണ്ടായിരിക്കണം.

    ഞാന്‍ ഇപ്പോള്‍ എന്താണ് എന്നല്ല ദൈവത്തിന് എന്നെക്കുറിച്ചുള്ള സ്വപ്‌നം എന്താണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. നാം എന്തെങ്കിലും കണ്ടുപിടിച്ച് ദൈവത്തെ സന്തോഷിപ്പിക്കുകയല്ല ചെയ്യേണ്ടത്.മറിച്ച് ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്നവ ഫലപ്രദമായി നിര്‍വഹിച്ച് ദൈവത്തെ പ്രസാദിപ്പിക്കുകയാണ്.

    നാം ദൈവത്തിന്റെ കരവേലയാണ്. നാം ചെയ്യാന്‍ വേണ്ടി മുന്‍കൂട്ടി നിശ്ചയിച്ച ദൈവവേലയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ്. ദൈവത്തിന് വേണ്ടി ഒരു പ്രോജക്ട് കണ്ടുപിടിച്ച് നാം ദൈവത്തെ പ്രസാദിപ്പിക്കുകയല്ല മറിച്ച ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന ഒരു പദ്ധതിയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യേണ്ടത്.
    . ഇവിടെയാണ് ശരിക്കും പ്രാര്‍ത്ഥനാജീവിതം സഹായിക്കുന്നത്. എങ്ങനെ ഈ പദ്ധതിയിലേക്ക് എത്തിച്ചേരും? പ്രാര്‍ത്ഥനയിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

    നമ്മള്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ വളരുന്നത് അനുസരിച്ച് ദൈവികപദ്ധതികള്‍ വെളിപ്പെട്ടു വന്നുകൊണ്ടിരിക്കും. അപ്പോള്‍ നമ്മള്‍ പ്രാര്‍ത്ഥിക്കാതിരിക്കും തോറും ദൈവികപദ്ധതികള്‍ നിറവേറപ്പെടാതെ പോകും. പ്രാര്‍ത്ഥനാമുറികളിലാണ് നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. ദൈവം നമ്മെക്കുറിച്ചുളള പദ്ധതികള്‍ എല്ലാം ക്രമീകരിച്ചുവച്ചിട്ടുണ്ട്. നാം ആ വഴിക്ക് പോയാല്‍ മതി. മാനുഷികമായ രീതിയില്‍ നാം എവിടെയൊക്കെ പിന്തള്ളപ്പെട്ടിട്ടുണ്ടോ അതൊന്നും ഓര്‍ത്ത് വിഷമിക്കരുത്. ദൈവം നമ്മെ മുമ്പിലേക്ക് നീക്കിനിര്‍ത്തുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!