വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ മരിയ ലൗറ മെയ്‌നെറ്റിയെ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2000 ല്‍ നോര്‍ത്തേണ്‍ ഇറ്റലിയിലെ ചിയാവെന്ന നഗരത്തില്‍ വച്ച് കൗമാരക്കാരിയായ മൂന്നു പെണ്‍കുട്ടികള്‍ സിസ്റ്ററെ കുത്തികൊലപ്പെടുത്തുകയായിരുന്നു, 2020 ജൂണ്‍ 19 ന് മാര്‍പാപ്പ സിസ്റ്റര്‍ മരിയയെ രക്തസാക്ഷിയായി അംഗീകരിച്ചിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധമുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളാണ് സിസ്റ്ററെ കൊലപ്പെടുത്തിയത്. ഈ പെണ്‍കുട്ടികളെ സിസ്റ്റര്‍ വേദപാഠം പഠിപ്പിച്ചിരുന്നു.
സിസ്‌റ്റേഴ്‌സ് ഓഫ് ദ ക്രോസ് കോണ്‍വെന്റിന്റെ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ ദരിദ്രര്‍ക്കുവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളാല്‍ പരക്കെ അറിയപ്പെട്ടിരുന്നു. കൊലപാതകം നടന്ന 2000 ജൂണ്‍ ആറിന്, തങ്ങള്‍ക്ക് വ്യക്തിപരമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സിസ്റ്ററെ വിളിച്ചുവരുത്തുകയായിരുന്നു.
മൂന്നുപേരില്‍ ഒരുവള്‍ ബലാത്സംഗത്തിന് ഇരയാണെന്നും അവള്‍ അബോര്‍ഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു സിസ്റ്ററെ അറിയിച്ചിരുന്നത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചുവരുത്തിയത്. 60 വയസുകാരിയായ സിസ്റ്റര്‍ വന്ന ഉടനെ ഒരുവള്‍ സിസ്റ്ററെ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയും വേറൊരുവള്‍ ഭിത്തിയിലേക്ക് തല ഇടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നായിരുന്നു അടുക്കളകത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തിയത്. ആറു വീതം 18 തവണയാണ് കുത്തിയത്. സാത്താനിക നമ്പറായ 666 നെയാണ് ഇത് സൂചിപ്പിക്കുന്നത്.
തന്നെ ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടികളോട് ക്ഷമിച്ചുകൊണ്ടാണ് സിസ്റ്റര്‍ അന്ത്യശ്വാസം വലിച്ചത്. കര്‍ത്താവേ അവരോട് ക്ഷമിക്കണമേ എന്നായിരുന്നു സിസ്റ്ററുടെ അവസാന വാക്കുകള്‍.