ക്വില്‍മെസ്: കഴിഞ്ഞ 27 വര്‍ഷമായി പെര്‍മനന്റ് ഡീക്കനായി സഭയില്‍ ശുശ്രൂഷ ചെയ്ത ലൂയിസ് അവാഗ്ലിയാനോ എന്ന 68 കാരന്‍ വൈദികനായി. 38 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഭാര്യ ഫ്‌ളോറ 2014 ല്‍ മരണമടഞ്ഞപ്പോഴാണ് വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ശക്തമായത്.
രണ്ടു കുട്ടികളുടെ പിതാവ് കൂടിയായിരുന്നു ഇദ്ദേഹം. പിതാവ് വൈദികനാകുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അവരുമെത്തിയിരുന്നു. നിത്യസഹായമാതാ ഇടവകയില് കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു ചടങ്ങ് .ഈ ദേവാലയത്തില്‍ ഡീക്കനായി സേവനം ചെയ്തിരുന്ന ഇദ്ദേഹം ഇവിടെ തന്നെ വൈദികനായും തുടരും.
വൈദികനായി അഭിഷേകം ചെയ്തനിമിഷം വളരെ പവര്‍ഫുള്ളായിരുന്നുവെന്ന് ഫാ. ലൂയിസ് അനുസ്മരിക്കുന്നു. ബ്യൂണസ് അയേഴ്‌സിലെ നല്ലൊരു കത്തോലിക്കാകുടുംബത്തിലാണ് ലൂയിസ് ജനിച്ചുവളര്‍ന്നത്. ചെറുപ്പം മുതല്‌ക്കേ ദൈവികചിന്തകളിലാണ് ജീവിതം രൂപപ്പെട്ടതും. അമ്മയും അപ്പനും അക്കാര്യത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും ചെയ്തു.
പതിനഞ്ചാം വയസിലായിരുന്നു ചില ദുരിതങ്ങള്‍ നേരിടേണ്ടിവന്നത്. പിതാവിന്റെ മരണമായിരുന്നു അത്. മൂന്നുമാസങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന സഹോദരിയും മരണമടഞ്ഞു. എന്നാല്‍ അമ്മയുടെ ദൈവവിശ്വാസമാണ് അതെല്ലാം മറികടക്കാന്‍ പ്രേരണയായത്. ദൈവം ഒരിക്കലും നമ്മെ അനാഥരായി വിടുകയില്ല. അവിടുന്ന് നമുക്ക് ശക്തിനല്കും. ഫാ. ലൂയിസ് ഓര്‍മ്മിപ്പിക്കുന്നു. 23 ാം വയസിലായിരുന്നു വിവാഹം. ഫ്‌ളോറ നിരവധി ദേവാലയങ്ങളിലെ കാറ്റക്കിസ്റ്റായിരുന്നു.
വളരെ സന്തുഷ്ടകരമായ ദാമ്പത്യബന്ധമായിരുന്നു അവരുടേത്. ഭാര്യയുടെ മരണശേഷം ദൈവത്തിന്റെ സവിശേഷമായ വിളിക്ക് താന്‍ നല്കിയ പ്രത്യുത്തരമാണ് പൗരോഹിത്യമെന്ന് അദ്ദേഹം പറയുന്നു.