Tuesday, July 1, 2025
spot_img
More

    ഹൃദയമുള്ളവർക്കുള്ള തിരുനാൾ

    “ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങയുടെ തിരുഹൃദയത്തിന്‌ അനുയോജ്യമാക്കണമേ”

    പരിപൂർണ മനുഷ്യനായി മണ്ണിൽ പിറന്ന ഈശോയുടെ ഹൃദയത്തെ തിരുഹൃദയമെന്ന്‌ വിളിക്കുന്നതിനുള്ള ഏക കാരണം അവനിൽ നിറഞ്ഞിരുന്ന കറയില്ലാത്ത സ്നേഹമാണ്‌. ഈശോയുടെ ഹൃദയം തിരുഹൃദയമാണെന്ന്‌ തിരിച്ചറിയുകയും ആ ഹൃദയത്തിലേക്ക്‌ മനുഷ്യരായ നമ്മുടേയും ഹൃദയങ്ങൾ അടുപ്പിച്ച്‌ നിർത്തി, മണ്ണിലെ ജീവിതത്തെ സ്നേഹത്താൽ പണിതുയർത്താനുള്ള ആഗ്രഹത്തോടെ മിഴികൾ പൂട്ടി, കരങ്ങൾ കൂപ്പി, നമ്രശിരസ്കരായി നിന്ന്‌ കൃപ സ്വികരിക്കുന്നതിനുള്ള പുണ്യദിവസമാണ്‌ തിരുഹൃദയത്തിരുനാൾ ദിനം എന്ന്‌ ഞാനറിയുന്നു.

    എല്ലാവരേയും ഉൾക്കൊള്ളാനും അംഗീകരിക്കാനും പരിഗണിക്കാനും സ്നേഹിക്കാനും ഈശോ തയ്യാറായിരുന്നു എന്നത്‌ തിരുവചനം പറഞ്ഞുതരുന്നുണ്ട്‌. അതായിരുന്നു ഈശോയുടെ ഹൃദയത്തിന്റെ പ്രത്യേകത. അവന്റെ മുൻപിൽ എത്തപ്പെട്ട മനുഷ്യർ, അവന്റെ യാത്രകളിൽ അവൻ കണ്ടുമുട്ടിയ മനുഷ്യർ, എല്ലാവരും ഒന്നിനൊന്ന്‌ വ്യത്യസ്തരായിരുന്നു. അതിൽ അവനെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തവരും, അവനെ ഏറ്റവും വെറുക്കുകയും അപവാദം പറഞ്ഞവരുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും അവൻ എല്ലാവരേയും സ്നേഹിച്ചു, നന്മ ചെയ്ത്‌ കടന്നുപോയി. സ്നേഹിക്കുക, നന്മചെയ്യുക എന്നീകാര്യങ്ങളിലൂടെ രക്ഷയുടെ പാതയിലേക്ക്‌ മനുഷ്യരെ എത്തിക്കുക എന്നതാണ്‌ ഈശോയ്ക്കുണ്ടായിരുന്ന ഏക ലക്ഷ്യം. അതവൻ കൃത്യമായി പൂർത്തിയാക്കുകയും ചെയ്തു.

    ഈശോയിലേക്ക്‌ ഒന്ന്‌ മിഴിപായിച്ചാൽ നമുക്ക്‌ കാണാനാകുന്ന ഒരു യാഥാർത്ഥ്യമുണ്ട്‌; സ്നേഹമെന്നതിനപ്പുറം ഈശോയിൽ ഒന്നുമില്ലായിരുന്നെന്ന്‌. വിശുദ്ധ കുർബാനയുടെ സ്ഥാപനത്തേക്കുറിച്ച്‌ നാം എപ്പോഴും പറയുന്നത്‌, ഈശോയ്ക്ക്‌ ഒരിക്കലും പിരിയാതെ തന്റെ പ്രിയപ്പെട്ടവരോടൊപ്പം സ്നേഹത്തിലായിരിക്കാൻ കണ്ടെത്തിയ വഴിയെന്നാണല്ലോ. ഇതാണാ ഹൃദയത്തിന്റെ പ്രത്യേകത.

    ഈശോ മണ്ണിൽ അവശേഷിപ്പിച്ചത്‌ സ്നേഹവും അതിന്റെ പര്യായങ്ങളുമായിരുന്നു എന്ന്‌ നമുക്ക്‌ വളരെ വ്യക്തമാണ്‌. എന്നാൽ ഭൂമിയിൽ ഭൗതീകമായ ചില അവശേഷിപ്പുകൾക്കായി തങ്ങളുടെ ജീവിതം ചിലവഴിക്കുന്ന, മറ്റൊരർത്ഥത്തിൽ പാഴാക്കുന്ന അനേകരുണ്ട്‌. അതിനായി ആരെയെല്ലാം നോവിച്ചാലും മുറിപ്പെടുത്തിയാലും വേണ്ടില്ല എന്നത്‌ അവരുടെ രീതിയാണ്‌. തങ്ങളുടെ കാലശേഷവും അവയെല്ലാം അവരുടെ മഹത്വമായി കണക്കാക്കപ്പെടും എന്ന്‌ ചിന്തിക്കുന്നവരാണവർ. അതിനപ്പുറം മറ്റ്‌ ലക്ഷ്യങ്ങളൊന്നും അവർക്കുണ്ടാകാറില്ല. അവരൊക്കെ എത്രയോ മൂഡമായ ആശയത്തെയാണ്‌ സ്വന്തമാക്കിയിരിക്കുന്നത്‌ എന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. വിശുദ്ധ പൗലോസ്‌ പറയുന്നതുപോലെ സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്നത്‌ നമ്മുടെ ഹൃദയങ്ങളിൽ നിന്നും അകന്നുപോകുന്നതിന്റെ പരിണിതഫലമായിട്ടാണ്‌ ഭൗതീകമായ ശേഷിപ്പുകൾക്കായി പലരും താത്പര്യം കാണിക്കുന്നതും, ജീവിതത്തിന്റെ നന്മകളെ ഇല്ലാതാക്കുന്നതും.

    സ്നേഹത്തിന്റേയും നന്മയുടെതുമായ അവശേഷിപ്പുകൾ കൈമാറിയിട്ടുള്ളവർക്കും ഇന്നും കൈമാറുന്നവർക്കും ക്രിസ്തുവിന്റേതുപോലുള്ള പരിമളം കൈമുതലായിരിക്കും. അവന്റെ ശാരീരിക സാന്നിധ്യം ഇല്ലാതായിട്ട്‌ കാലങ്ങൾ ഏറെ കഴിയുമ്പോഴും, ജ്വലിക്കുന്നതും സ്നേഹം തുളുമ്പുന്നതുമായ തിരുഹൃദയത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ നമുക്ക്‌ കഴിയുന്നു എന്നതിനർത്ഥം അവൻ അവശേഷിപ്പിച്ചത്‌ ഭൗതീകമായതല്ലായിരുന്നു എന്നുകൂടിയാണ്‌. എന്തെന്നാൽ, മണ്ണിൽ മനുഷ്യഹൃദയങ്ങളോട്‌ ചേർന്ന്‌ നിന്നപ്പോഴും ദൈവ പിതാവിന്റെ ഹൃദയത്തിന്റെ ഇഷ്ടങ്ങൾ എപ്പോഴും ഓർമ്മിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തവനാണ്‌ ഈശോ.

    നമ്മുടെ മനസ്‌ നമ്മുടെ അറിവിനേയും ആഗ്രഹങ്ങളേയും പ്രകടമാക്കുമ്പോൾ, നമ്മുടെ ഹൃദയം നാം സ്നേഹിക്കുന്നതിനെ വെളിപ്പെടുത്തുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്‌. അപ്പോൾ ശരിക്കും ഒരു നല്ല ഹൃദയത്തിന്റെ ഉടമകളാണ്‌ നാമെങ്കിൽ, നമ്മുടെ കർമ്മങ്ങളിലൂടേയും വാക്കുകളിലൂടേയും ചിന്തകളിലൂടേയും പുറത്തേക്ക്‌ പ്രവഹിക്കുന്നത്‌ പകയുടേയോ, സ്വാർത്ഥതയുടേയോ ശീലുകളായിരിക്കില്ല, ശുദ്ധമായ സ്നേഹമായിരിക്കും.

    എസെക്കിയേൽ പ്രവാചകനിലൂടെ കർത്താവ്‌ ഇപ്രകാരം അരുളിചെയ്തിട്ടുണ്ട്‌; “ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നൽകും; ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽനിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നൽകും” (എസെക്കിയേൽ 36:26) ദിവ്യമായ സ്നേഹത്താൽ നിറഞ്ഞുകവിയുന്ന ഈശോയുടെ തിരുഹൃദയത്തെ ധ്യാനിക്കുമ്പോൾ, പ്രവാചകനിലൂടെ അന്ന്‌ കർത്താവ്‌ പറഞ്ഞ ഇക്കാര്യങ്ങൾ നിറവേറണമേ എന്നത്‌ നമ്മുടെ പ്രാർത്ഥനയാക്കാം. സ്നേഹത്തിന്റെ അവശേഷിപ്പല്ലാതെ മറ്റെന്തെങ്കിലുമാണ്‌ എനിക്ക്‌ നീക്കിബാക്കിയെങ്കിൽ, ഈശോയുടെ തിരുഹൃദയം എനിക്ക്‌ ശരിയായ ദിശ കാണിച്ചുതരട്ടെ. ഈശോയുടെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തിയപ്പോൾ അതിൽനിന്നു രക്തവും വെള്ളവും പുറപ്പെട്ടു എന്നാണ്‌ യോഹന്നാൻ പറയുന്നത്‌ അതായത്‌, ഒരു ശിലാഹൃദയമല്ലായിരുന്നു ഈശോയുടേത്‌. അതുപോലെ നമ്മുടെ ഹൃദയങ്ങളും മാംസളഹൃദയങ്ങളാകട്ടെ.

    പരമ്പരാഗതമായി, ഈശോയുടെ തിരുഹൃദയത്തോട്‌ ചേർത്ത്‌ അനേകം പ്രാർത്ഥനകളും ഗാനങ്ങളുമെല്ലാം നമുക്കുണ്ട്‌, അവയെല്ലാം സംഗ്രഹിച്ചാൽ ലേവ്യരുടെ പുസ്തകത്തിൽ കുറിച്ചുവച്ചിട്ടുള്ള ആശയത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌ എന്ന്‌ ഞാൻ കരുതുന്നു.; “സഹോദരനെ ഹൃദയംകൊണ്ട്‌ വെറുക്കരുത്‌. അയൽക്കാരനെ ശാസിക്കണം. അല്ലെങ്കിൽ അവൻ മൂലം നീ തെറ്റുകാരനാകും. നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഞാനാണ്‌ കർത്താവ്‌” (ലേവ്യർ 19:17­-18). ഈശോ ഇവയെല്ലാം പ്രാവർത്തികമാക്കി കാണിച്ചുതന്നു. തിരുഹൃദയത്തിന്നുടമകളായി മാറാൻ, കറയില്ലാത്ത സ്നേഹം ജീവിക്കാൻ, തുറവിയുള്ളവരാകാൻ, ഈശോയെപ്പോലെ ജീവിക്കാൻ നമുക്കും സാധിക്കട്ടെ.

    എല്ലാവർക്കും തിരുഹൃദയത്തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!