ഇന്ന് തിരുഹൃദയതിരുനാള്‍ . മനുഷ്യവംശത്തോടുള്ള ഈശോയുടെ ദിവ്യസ്‌നേഹത്തോടുള്ള ആദരസൂചകമായിട്ടാണ് സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കയ്ക്ക് ലഭിച്ച സ്വകാര്യവെളിപാടുകളെ തുടര്‍ന്നാണ് ഇങ്ങനെയൊരു തിരുനാള്‍ ആചരണത്തിന് സഭയില്‍ തുടക്കം കുറിച്ചത്. 1675 ജൂണ്‍ 16 നാണ് ഈശോ വിശുദ്ധയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയാണ് തിരുഹൃദയതിരുനാള്‍ ആചരിക്കുന്നത്. 1672 ഒക്ടബോര്‍ 20 നാണ് ആദ്യമായി തിരുഹൃദയതിരുനാള്‍ ആചരിച്ചത്. 1856 മുതല്ക്കാണ് തിരുഹൃദയതിരുനാള്‍ ആഗോളവ്യാപകമായി ആരംഭിച്ചത്.
1856 ഓഗസ്റ്റ് 23 ന് പോപ്പ് പിയൂസ് ഒമ്പതാമനാണ് ഈ തിരുനാളിനെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. തിരുഹൃദയതിരുനാള്‍ ആദ്യമായി ആഘോഷിച്ച രാജ്യം പോളണ്ടായിരുന്നു.