വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി ശരിവച്ചു. എഫ്‌സിസി യുടെ ജീവിതചര്യകളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2019 ലാണ് മദര്‍ ജനറല്‍ ലൂസി കളപ്പുരയെ സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്.
തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാനെ സമീപിക്കുകയും വത്തിക്കാന്‍ പരാതി 2020 ല്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് അവസാന ശ്രമം എന്ന നിലയില്‍ കത്തോലിക്കാസഭയിലെ സന്യാസസഭകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമോന്നത കോടതിയായ സിഗ്നേച്ചുറ അപ്പസ്‌തോലിക്കയില്‍ അപ്പീല്‍ നല്കിയത്. വിഷയം വിശദമായി പഠിച്ച വത്തിക്കാന്‍ കോടതി സന്യാസസമൂഹത്തിന്റെ നടപടി ശരിവയ്ക്കുകയായിരുന്നു.
എഫ് സിസി സന്യാസിനി സമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ വിമുഖത കാണിച്ചതുകൊണ്ട് സന്യാസസഭയില്‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയതെന്ന് സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു. ഇതിന് വിരുദ്ധമായി കത്തോലിക്കാസഭയില്‍ നിന്നു പുറത്താക്കി എന്ന മട്ടിലുള്ള വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍മീഡിയ വഴി നടക്കുന്നതിനുളള പ്രതികരണം എന്ന നിലയിലാണ് മദര്‍ സുപ്പീരിയര്‍ ഇക്കാര്യം വിശദീകരിച്ചത്.