നൂറുവയസുവരെ ജീവനോടെയിരിക്കാന്‍ കഴിയുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ നൂറിലെത്തിയിരിക്കുന്നു. എനിക്ക് തന്നെ അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. സിസ്റ്റര്‍ റെജിന്‍ കാനെറ്റി അത് പറയുമ്പോള്‍ ഓര്‍മ്മകളുടെ കടലിളക്കമായിരുന്നു അവരുടെ കണ്ണുകളിലും.
നാസികള്‍ ബള്‍ജേറിയ പിടിച്ചടുക്കിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത യഹൂദരില്‍ ഒരാളായിരുന്നു അന്ന് റെജിനും. തികച്ചും സാഹസികതയുടേതായിരുന്നു അക്കാലമെന്നും പിന്നീട് കത്തോലിക്കാ മതത്തിലേക്ക് കടന്നുവന്ന സിസ്റ്റര്‍ പറയുന്നു. ആത്മീയമായും ശാരീരികമായും ധാര്‍മ്മികമായും സാമൂഹ്യമായും ഒരുപാടു സാഹസികതകള്‍. ക്രിസ്ത്യന്‍ മീഡിയ സെന്ററിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലം പൊട്ടിപ്പുറപ്പെടുന്ന സമയം. ബെല്‍ജിയം പൗരത്വം വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും അക്കാലത്ത് കൈയിലുണ്ടായിരുന്നില്ല. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. ചെറിയൊരു കപ്പലില്‍ കുത്തിനിറച്ച ആളുകളുമായിട്ടായിരുന്നു പാലസ്തീനിലേക്കുള്ള യാത്ര. 150 പേര്‍ക്ക് മാത്രം സൗകര്യമുള്ളകപ്പലില്‍ അതിന്റെ രണ്ടോ മൂന്നോ ഇരട്ടി ആളുകളുമായിട്ടായിരുന്നു ആ യാത്ര.
അഞ്ചു ദിവസം കൊണ്ട് എത്തിച്ചേരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ പ്രതികൂലമായ കാലാവസ്ഥയായിരുന്നു. ഇസ്താബൂളിലാണ് കപ്പല്‍ എത്തിയത്. എന്നാല്‍ അവിടെ കപ്പലിന് തീരമണയാന്‍ ഗവണ്‍മെന്റ് അനുവാദം നല്കിയിരുന്നില്ല. പ്രതികൂലമായ കാലാവസ്ഥയില്‍ കപ്പല്‍ ആടിയുലഞ്ഞു. സിസ്റ്ററുടെ അമ്മയും സഹോദരനും കപ്പല്‍ചേതത്തില്‍ മുങ്ങിമരിച്ചു. പിതാവും സിസ്റ്ററും മാത്രം രക്ഷപ്പെട്ടു.
114 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഡിസംബര്‍ 12 നായിരുന്നു അത്. സിസ്റ്റേഴ്‌സ് ഓഫ് സിയോണ്‍ അംഗങ്ങളുമായി കണ്ടുമുട്ടിയതാണ് കത്തോലിക്കാസഭയിലേക്കും പിന്നീട് കന്യാസ്ത്രീജീവിതത്തിലേക്കും വഴിപിരിയാന്‍ കാരണമായത്. ദൈവം എന്നെ നടത്തിയ വഴികളെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ അത്ഭുതപ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ജീവിച്ചിരിക്കുമോയെന്ന് പോലും കൃത്യമായി അറിയാത്ത ഒരു കാലത്തില്‍ നിന്ന് ഇപ്പോള്‍ നൂറാം വയസിലെത്തി നില്ക്കുന്ന സിസ്റ്റര്‍ അത് പറയുമ്പോള്‍ ദൈവത്തിന്‌റെ അത്ഭുതകരമായ വഴികളെക്കുറിച്ച് നമ്മളും വിസ്മയഭരിതരാകുന്നു.