ഒക്ക്‌ലാന്‍ഡ്: അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്ന് കാലിഫോര്‍ണിയ ഒക്ക്‌ലാന്‍ഡ് ബിഷപ് മൈക്കല്‍ ബാര്‍ബര്‍. കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്നുള്ള സ്റ്റേറ്റ് നിയമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ജയിലില്‍ പോകും, കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ സന്നദ്ദനാകുന്നതിലും ഭേദം അതാണ്.മതസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണമാണ് ഇത്. ഈ നിയമം പാസാക്കുകയാണ് എങ്കില്‍ ഒരു വൈദികനും ഇത് അനുസരിക്കേണ്ടതില്ല. ഈ ബില്ലിനെതിരെ സ്റ്റേറ്റ് സെനറ്ററിനെ ഞാന്‍ കാണും.
കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കേണ്ടത് അത്യാവശ്യം തന്നെ. പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണവും സുരക്ഷിതത്വവും സഭയുടെ ഉത്തരവാദിത്തം തന്നെ. പക്ഷേ കുട്ടികളുടെ ലൈംഗികപീഡനം തടയാന്‍ വേണ്ടി കുമ്പസാരരഹസ്യം പുറത്തുപറയണം എന്ന മട്ടിലുള്ള നിയമപരിഷ്‌ക്കരണങ്ങളോട് അംഗീകരിക്കാന്‍ വയ്യ. ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ പദ്ധതിയിട്ടതിലൂടെ പല ആളുകള്‍ക്കും പാപം തുറന്നുപറയാന്‍ പേടിയായിത്തുടങ്ങിയിട്ടുണ്ട്.
രൂപതയിലെ ഒരു വൈദികന്‍ തന്റെ ഇടവകയിലെ ഒരു കൗമാരക്കാരന്‍ പങ്കുവച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്. ആ കുട്ടിക്ക് ഇപ്പോള്‍ കുമ്പസാരിക്കാന്‍ പേടിയാണ്. തന്റെ പാപങ്ങള്‍ വൈദികന്‍ പോലീസിന് വെളിപ്പെടുത്തുമോയെന്നാണ് അയാള്‍ ഭയക്കുന്നത്.
ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍ സെനറ്റ് ബില്‍ 360 തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായവഴിയിലൂടെ നയിക്കുന്നതുമാണ്. ബിഷപ് പറഞ്ഞു.