Saturday, February 14, 2026
spot_img
More

    കർത്താവിന്റെ കരം കൂടെയുള്ളവൻ

          മക്കളുണ്ടാകാൻ സാധ്യത വളരെക്കുറവുള്ള സഖറിയ-­എലിസബത്ത്‌ ദമ്പതികൾ. യഹൂദ പാരമ്പര്യത്തിൽ കുഞ്ഞുങ്ങളുടെ പിറവി ദൈവാനുഗ്രഹമായിട്ടും, മക്കളില്ലാത്തത്‌ ദൈവശിക്ഷയായിട്ടൊക്കെയാണ്‌ മനസിലാക്കിയിരുന്നത്‌. സമൂഹത്തിന്റേയും മതത്തിന്റേയും ചിന്തരീതികൾ ഇങ്ങനെയൊക്കെയായിട്ടും അവർ ദൈവത്തെ പഴിപറയാത്ത ജീവിതമാണ്‌ നയിച്ചിരുന്നത്‌ എന്നും നമുക്കറിയാം. അപ്രതീക്ഷിതമായി ദൈവദൂതൻ സഖറിയായെ സന്തോഷകരമായ വാർത്തയറിക്കുമ്പോൾ അതിൽ മാനുഷികമായ അവിശ്വാസം അവനിൽ കടന്നുവന്നു. യോഹന്നാന്റെ ജനനം വരെ അവന്റെ സംസാരശേഷി ദൈവം എടുത്തുമാറ്റുകയും, പിന്നീട്‌ തിരികെ കിട്ടുകയും ചെയ്യുമ്പോൾ സഖറിയ ആദ്യം ചെയ്യുന്നത്‌ ദൈവത്തെ സ്തുതിക്കുക എന്നതാണ്‌, അല്ലാതെ മറ്റൊന്നുമല്ല.

    പിറവിയിലെ പ്രത്യേകതയാൽ ശ്രദ്ധയാകർഷിച്ച പുതിയ നിയമ കഥാപാത്രമാണ്‌ സ്നാപക യോഹന്നാൻ. അവന്റെ പിറവിയെക്കുറിച്ചുള്ള ദൈവദൂതന്റെ വെളിപ്പെടുത്തൽ മുതൽ വചനത്തിൽ നിന്നും അവനെക്കുറിച്ച്‌ നമുക്ക്‌ ലഭ്യമാകുന്ന കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്ത്‌ വായിക്കുമ്പോൾ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു ജീവിതത്തിനുടമയായിട്ടാണ്‌ സ്നാപകനെ ഞാൻ കാണുന്നത്‌. അവന്റെ ജീവിതവും കർമ്മങ്ങളും ഇന്നും വലിയ ചലഞ്ചായിട്ട്‌ നമ്മുടെ മുൻപിലുണ്ട്‌.

         ഈശോയ്ക്ക്‌ വഴിയൊരുക്കാൻ വന്നവനെ യഥാർത്ഥ വിപ്ളവകാരിയെന്ന്‌ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഈശോയെ വിപ്ളവകാരിയെന്നൊക്കെ പൊതുവെ വിളിക്കാറുണ്ട്‌, എന്നാൽ സ്നാപകനിൽ, ഇശോയ്ക്കും മുൻപേ പല വിപ്ളവകരമായ കാര്യങ്ങൾക്കും തുടക്കം കുറിച്ചതും നാം കാണുന്നു. സത്യം ആരുടെ മുഖത്തുനോക്കിയും പറയുക, അത്‌ രാജാവാണെങ്കിലും. എന്നിട്ട്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുക. ഇതായിരുന്നു സ്നാപകന്റെ അടിസ്ഥാന രീതി. ഇക്കാര്യത്തിൽ ഒത്തുതീർപ്പുകൾക്ക്‌ അവൻ സ്വയം വിട്ടുകൊടുത്തില്ല. അവൻ കൊല്ലപ്പെടുന്നതിന്‌ കാരണവും അവന്റെ ഈ നിലപാടുതന്നെയാണ്‌. “നിലപാടുകളിൽ നിലയുറപ്പിച്ചപ്പോൾ, നിലതെറ്റിയവരാൽ കൊല്ലപ്പെട്ടവൻ” എന്ന്‌ സ്നാപകനെക്കുറിച്ച്‌ മുൻപൊരിക്കൽ ഞാനെഴുതിയിട്ടുണ്ട്‌, ഈ വരികൾ അവന്റെ ജീവിത സംഗ്രഹമാണ്‌.

         സ്നാപക യോഹന്നാനെപ്പോലെ കർത്താവിന്‌ വഴിയൊരുക്കാൻ ക്ഷണം കിട്ടിയവരായി അനേകരുണ്ട്‌, ഞാനും നീയുമതിൽ ഉൾപ്പെടുമെന്ന്‌ മറക്കാതിരിക്കാം. എന്നാൽ ഒത്തുതീർപ്പുകൾക്ക്‌ തങ്ങളെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നഷ്ടപ്പെടുത്തുന്നത്‌ ദൈവം നമ്മിലേൽപിക്കുന്ന പവിത്രമായ നിയോഗമാണ്‌. ദൈവവിളി എന്ന പദം നമ്മുടെ ഓരോരുത്തരുടെയും ജീവിതാന്തസ്സിനോട്‌ ചേർത്ത്‌ കാണുന്നതാണ്‌ ഇന്നത്തെ രീതി. എന്നാൽ സന്യാസം, പൗരോഹിത്യം എന്നിവയിലേക്ക്‌ തങ്ങളുടെ ജീവിതം ചേർക്കുന്നവരെ കൂടുതൽ മെച്ചപ്പെട്ടവരായൊക്കെ കാണുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌. സന്യാസികളും പുരോഹിതരുമൊക്കെ സ്നാപകനെപ്പോലെ കർത്താവിനെ കൃത്യമായി അറിയുന്നവരും അവന്റെ പക്കലേക്ക്‌ മറ്റുള്ളവരെ അടുപ്പിക്കുകയും ചെയ്യേണ്ടവരാണ്‌. എന്നാൽ ഒത്തുതീർപ്പുകൾക്ക്‌ വിധേയപ്പെടുത്തിയ ജീവിതവുമായി മുൻപോട്ട്‌ പോകുമ്പോൾ ദൈവവിളിയെന്ന്‌ പറയുന്ന പുണ്യംപോലും ഒരു പരാജയത്തിന്റെ അടയാളമായി പരിണമിക്കുന്നു.

    എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരനും വാഗ്മിയുമായ പാട്രിക്‌ സാവിയോ അച്ചൻ ഒരിക്കൽ എന്നോട്‌ പറഞ്ഞതിങ്ങനെയാണ്‌ “എന്നെ കേൾക്കുന്ന അനേകരിൽ കുറച്ചുപേർ മാത്രമേ ഞാൻ പറയുന്നതിന്റെ പൊരുൾ കൃത്യമായി മനസിലാക്കാറുള്ളു, എനിക്കത്‌ മതി. കൂടുതൽ ആളെക്കൂട്ടാൻ ഞാൻ പരിശ്രമിച്ചാൽ എന്നെ ദൈവമേൽപിച്ച നിയോഗത്തിൽ നിന്നും ഞാൻ അകന്നുപോകും” നമ്മുടെ കൊച്ചുകേരളത്തിൽ കർത്താവിന്റെ വചനം പ്രഘോഷിക്കുന്ന അനേകരുണ്ട്‌, അതിൽ കുറേയധികം പേരുടെ ആഗ്രഹം വലിയ ആൾക്കൂട്ടങ്ങളുടേയും ആരവങ്ങളുടേയും സാന്നിധ്യമാണ്‌. ഇത്‌ ഒരു പരിധിവരെ നല്ലതായിരിക്കാം എന്നാൽ, പ്രശസ്തിക്ക്‌ വേണ്ടി നിരവധിയായ ഒത്തുതീർപ്പുകൾക്ക്‌ കീഴ്പ്പെടുമ്പോൾ, അവരിൽ ദൈവമേൽപിച്ച പവിത്രമായ നിയോഗം മങ്ങിപ്പോകുകയാണ്‌ എന്ന്‌ സമ്മതിച്ചേ തീരു. എന്നാൽ, സ്നാപകൻ ആളെക്കൂട്ടാനായി പ്രസംഗിച്ചവനായിരുന്നില്ല. അവൻ അത്‌ ചിന്തിച്ചിരുന്നില്ല എന്നതും വ്യക്തമാണ്‌. അവൻ പറഞ്ഞത്‌ ഏറെ ഗൗരവമാർന്ന കാര്യങ്ങളായിരുന്നു. സമൂലമായ മാറ്റത്തിന്റേയും മാനസാന്തരത്തിന്റേയും ആവശ്യകതയായിരുന്നു അവന്റെ വിഷയം. അങ്ങനെ കർത്താവിന്റെ വരവിനായി എല്ലാം ക്രമീകരിക്കുക അത്രമാത്രം. അതിനാൽ, അവന്റെ കൂടെയുണ്ടായിരുന്നവർ അവനിൽ നിന്നും മാറി ഈശോയുടെ ശിഷ്യരാകുമ്പോഴും സ്നാപകൻ തകരുന്നില്ല.

       സ്നാപക യോഹന്നനെക്കുറിച്ചുള്ള വായനകളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ അവന്റെ പേരിന്റെ അർത്ഥം തന്നെയാണ്‌, “കർത്താവിന്റെ കരം കൂടെയുള്ളവൻ”. അവൻ ചെയ്ത കാര്യങ്ങളോരോന്നും വിശകലനം ചെയ്താൽ തന്റെ പേരിനർത്ഥം താൻ കൊല്ലപ്പെടുവോളവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. നമ്മളോരോരുത്തരും കർത്താവിനേയും അവന്റെ സുവിശേഷത്തേയും പങ്കുവയ്ക്കാൻ കൊതിയോടെ ഇറങ്ങിത്തിരിക്കുന്നവരാണ്‌ അല്ലെങ്കിൽ ഇറങ്ങിത്തിരിക്കേണ്ടവരാണ്‌. കർത്താവിന്റെ വഴിയൊരുക്കാനും അവന്റെ പാതകൾ നേരെയാക്കുവാനും നമ്മുടെ ജീവിത ചുറ്റുപാടുകളിലേക്ക്‌ ഇറങ്ങിത്തിരിക്കുമ്പോൾ, നമ്മിൽ എത്രപേരിൽ കർത്താവിന്റെ കരം കൂടെയുണ്ട്‌ എന്ന ആത്മാന്വേഷണം നടത്തുന്നത്‌ വളരെ നല്ലതായിരിക്കും.

          ഇസ്രായേലിന്‌ വെളിപ്പെടുന്നതുവരെ യോഹന്നാൻ മരുഭൂമിയിലായിരുന്നു എന്ന്‌ ലൂക്കാ സുവിശേഷകൻ പറയുന്നുണ്ട്‌. അതായത്‌ ഒരാൾക്ക്‌ കർത്താവിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ആത്മീയമായ ഒരുക്കം അത്യാശ്യമെന്നുതന്നെ. എത്രകാലം ഒരാൾ ഈ ഒരുക്കം നടത്തണം എന്ന്‌ ചോദിച്ചാൽ, സ്നാപകനെപ്പോനെ സ്വയം അറിയുകയും, ദൈവം തന്നിലേൽപിച്ച നിയോഗത്തെക്കുറിച്ച്‌ വ്യക്തതയുണ്ടാവുകയും ചെയ്യുന്ന സമയം വരെ എന്ന ഉത്തരം മാത്രമേ നൽകാനാകൂ.

         കർത്താവിന്റെ കരം എന്നും കൂടെയുണ്ടായിരുന്ന സ്നാപക യോഹന്നാൻ, ഇത്‌ വായിക്കുന്ന ഓരോരുത്തർക്കും ആത്മീയമായ പ്രചോദനം ഉള്ളിലുണർത്തട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. ഈ മഹാവിശുദ്ധന്റെ ജനനത്തിരുനാൾ മംഗളങ്ങൾ എല്ലാവർക്കും സ്നേഹപൂർവം നേരുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!